22 November Friday

പെരുമ്പാവൂർ അർബൻ ബാങ്ക് വായ്പ തട്ടിപ്പ്: മുസ്ലിംലീഗ് നേതാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

കൊച്ചി> പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ 100 കോടിയുടെ വായ്‌പ തട്ടിപ്പ് നടത്തിയ കേസിൽ ബാങ്ക് ഭരണസമിതി അംഗമായ മുസ്ലിംലീഗ് നേതാവ് അറസ്റ്റിലായി. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരയ്ക്കൽ വീട്ടിൽ എസ് ഷറഫാണ് (60) അറസ്റ്റിലായത്. ശ്രീലങ്കയിലേക്ക് പോകാൻ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ഷറഫിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വ്യാജ, ബിനാമി വായ്‌പകൾ തരപ്പെടുത്തിക്കൊടുക്കാൻ സഹായിച്ചതിന് ഷറഫിൽനിന്ന് 1.93 കോടി രൂപ പിഴയീടാക്കാൻ സഹകരണ ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. പെരുമ്പാവൂർ പൊലീസ് കേസെടുത്ത് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ശ്രീലങ്കയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഷറഫിനെ പൊലീസ്  അറസ്റ്റ് ചെയ്തത്. ഷറഫിനെ പെരുമ്പാവൂർ കോടതി റിമാൻഡ്‌ ചെയ്തു.

വായ്‌പ തട്ടിപ്പിൽ പങ്കാളികളായ 24 യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്‌. ഇവരിൽനിന്ന്‌ 33.33 കോടി രുപ പിഴ ചുമത്തി ഈടാക്കാനാണ് ജോയിന്റ്‌ രജിസ്ട്രാർ ഉത്തരവിട്ടത്. മൂന്ന് മുൻ ബാങ്ക് പ്രസിഡന്റുമാർ, നിലവിലെ പ്രസിഡന്റ്‌, മുൻ സെക്രട്ടറി, നിലവിലെ സെക്രട്ടറി എന്നിവർക്കുൾപ്പെടെയാണ് പിഴ ചുമത്തിയത്. 100 കോടി രൂപയാണ് സഹകാരികളിൽനിന്ന് ബാങ്ക് നിക്ഷേപമായി സ്വീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top