22 December Sunday
ഒന്നര പതിറ്റാണ്ടിലേറെയായി യുഡിഎഫ്‌ ഭരിക്കുന്ന 
ബാങ്കിൽ വായ്‌പ തിരിമറി നടത്തി കോടികൾ വെട്ടിച്ചു

പെരുമ്പാവൂർ അർബൻ ബാങ്കിലെ യുഡിഎഫ്‌ തട്ടിപ്പ്‌ ; 100 കോടിയുടെ അഴിമതിയിൽ വിശദ അന്വേഷണം

ദിനേശ്‌ വർമUpdated: Tuesday Nov 19, 2024


തിരുവനന്തപുരം
ഒന്നര പതിറ്റാണ്ടിലേറെയായി യുഡിഎഫ്‌ ഭരിക്കുന്ന പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ നടന്ന 100 കോടിയുടെ അഴിമതിയെക്കുറിച്ച്‌ വിശദ അന്വേഷണത്തിന്‌ സഹകരണ വകുപ്പ്‌ ഉത്തരവിട്ടു. വായ്‌പാ തിരിമറിയിലൂടെ വൻ വെട്ടിപ്പ്‌ നടത്തിയെന്ന്‌ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ്‌ സഹകരണ വകുപ്പ്‌ 65 പ്രകാരമുള്ള തുടരന്വേഷണത്തിലേക്കും നടപടികളിലേക്കും കടന്നത്‌.

കേസിലെ 18 പ്രതികളിലൊരാളായ ലീഗ്‌ നേതാവ്‌ എസ് ഷറഫ് ശ്രീലങ്കയിലേക്ക്‌ രക്ഷപ്പെടാൻ ശ്രമിക്കവെ പിടിയിലായിരുന്നു. മൂന്നു ബ്രാഞ്ചുള്ള ബാങ്കിനെ നയിക്കുന്നത്‌ കോൺഗ്രസാണ്‌. ബാങ്കിനെ തട്ടിപ്പുകാരിൽനിന്ന്‌ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ നിക്ഷേപകർ സമരത്തിലാണ്‌. പ്രതികളെ അറസ്‌റ്റ്‌ ചെയ്യണമെന്ന ആവശ്യം ശക്തമാണ്‌. ഭരണസമിതിയിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിക്ഷേപകരുടെ സമിതിയും മത്സരരംഗത്തുണ്ട്‌. വ്യാജ ആധാരങ്ങളിലൂടെ പലരുടെയും പേരിൽ വായ്‌പയെടുത്ത് തട്ടിപ്പ്‌ നടത്തിയെന്നാണ്‌ ഡിസിസി അംഗങ്ങളും പ്രാദേശിക നേതാക്കളുമായ മുൻ ഭരണസമിയംഗങ്ങൾക്കെതിരായ കേസ്‌. ഒരേഭൂമി പലപേരിൽ പണയപ്പെടുത്തി വായ്‌പയെടുത്തു. ഒരു വസ്‌തുവിൽ 20 ലക്ഷം രൂപയിലധികം നൽകരുതെന്ന വ്യവസ്ഥ നിലനിൽക്കെ, ബാധ്യതയുള്ള ഭൂമി ഈടുവാങ്ങി വായ്പനൽകിയെന്നും കണ്ടെത്തി.
പിടിയിലായ ലീഗ്‌ നേതാവ്‌ ഷറഫാണ്‌ വ്യാജ, ബിനാമി വായ്‌പകൾ തരപ്പെടുത്തിയത്‌. ഇയാളിൽനിന്ന് 1.93 കോടി രൂപ പിഴയീടാക്കാൻ സഹകരണ ജോയിന്റ്‌ രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. മൂന്നു മുൻ ബാങ്ക് പ്രസിഡന്റുമാർ,  മുൻ സെക്രട്ടറി, എന്നിവരുൾപ്പെടെ പ്രതികളിൽനിന്ന്‌ 33.33 കോടി രൂപ പിഴചുമത്തി ഈടാക്കാനും ഉത്തരവുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top