21 November Thursday

ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

വയനാട്> ആരാധനാലയവും മത ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വാധ്രക്കെതിരെ പരാതി. എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോൺഗ്രസിന്റെ പ്രചാരണമെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം പള്ളിക്കുന്ന് ദേവാലയത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി ദേവാലയത്തിനുള്ളിൽ വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർഥന നടത്തുകയും ഇതിന്റെ വീഡിയോയും ചിത്രങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നുമാണ് പരതിയിൽ പറയുന്നത്. ടി സിദ്ദിഖ് എംഎൽഎ, വയനാട് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ 10ന് ആണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിലെത്തിയത്.

ദേവാലയത്തിനകത്ത് വൈദികർ പ്രത്യേക പ്രാർഥന നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചു. ആരാധനാലത്തിനുള്ളിൽ വിശ്വാസികളോട് വോട്ട് അഭ്യർഥിച്ചതായും എൽഡിഎഫ് പരാതിയിൽ ഉണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് യുഡിഎഫ് സ്ഥാനാർഥി നടത്തിയതെന്ന് പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top