22 November Friday

കേന്ദ്രസർക്കാരിന്റെ 
സാമ്പത്തിക പിന്തുണ വേണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

കൽപ്പറ്റ
ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവരെ അതിവേഗം പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പിന്തുണ വേണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട്‌ ആവശ്യപ്പെട്ടു. ദുരന്തമേഖലയിൽ  സന്ദർശനത്തിന്‌ എത്തിയപ്പോഴാണ്‌ ഈ ആവശ്യം ഉന്നയിച്ചത്‌. പ്രധാനമന്ത്രിക്കുമുന്നിൽ ദുരന്തത്തിന്റെ വ്യാപ്തി വിശദീകരിച്ച മുഖ്യമന്ത്രി ആവശ്യങ്ങൾ കുറിപ്പായി കൈമാറി.  ദുരന്തത്തിന്റെ വ്യാപ്തിയും ആഘാതവും പരിഗണിച്ച്‌ മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായും ദേശീയ ദുരന്തമായും പ്രഖ്യാപിക്കണമെന്നും അഭ്യർഥിച്ചു.

ആയിരക്കണക്കിന് കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് അടിക്കടിയുണ്ടാകുന്ന പ്രവചനാതീത പ്രകൃതിദുരന്തങ്ങൾ. കഴിഞ്ഞ വേനൽക്കാലത്തെ ഉഷ്ണതാപം ചരിത്രത്തിലാദ്യമാണ്. അതിതീവ്ര മഴ ഉരുൾപൊട്ടലിനിടയാക്കിയതും കാലാവസ്ഥാ വ്യതിയാനമാണ്‌.
ഇത്തരം പ്രകൃതിക്ഷോഭം നേരിടാൻ മതിയായ സജ്ജീകരണം വേണം.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌, നാഷണൽ സെന്റർ ഫോർ സീസ്‌മോളജി, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷീൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ പ്രത്യേക കേന്ദ്രങ്ങളും അത്യാധുനിക പഠന സൗകര്യങ്ങളുള്ള പ്രാദേശിക ഓഫീസുകളും കേരളത്തിൽ അനുവദിക്കണം. കാലാവസ്ഥാ നിരീക്ഷണത്തിന്‌ ആധുനിക സംവിധാനം വേണം. അതിനായി ദുരന്തങ്ങൾ അവലോകനം ചെയ്യാനുള്ള ആധുനിക സംവിധാനങ്ങളും ഭൂവിനിയോഗ ആസൂത്രണ മാപ്പുകളും ലിഡാർ അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റൽ മാതൃകയും ഉപയോഗപ്പെടുത്താം.  

സംസ്ഥാന സർക്കാർ 2015ൽ കോട്ടയത്ത് തുടങ്ങിയ കാലാവസ്ഥാ വ്യതിയാന ഗവേഷണകേന്ദ്രത്തിന്റെ ക്ഷമത വർധിപ്പിക്കാൻ സഹായിക്കണം. കേരള കാലാവസ്ഥാ വ്യതിയാന അഡാപ്റ്റേഷൻ മിഷനും സാമ്പത്തിക പിന്തുണയും സാങ്കേതിക സഹായവും ആവശ്യമാണ്.  
വയനാട് ദുരന്തത്തിന്റെ വ്യാപ്തി പരിഗണിച്ച്‌  സംസ്ഥാന സർക്കാരുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ വകുപ്പുകളോട്‌ നിർദേശിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top