16 December Monday

വയനാട് പുനരധിവാസം; കര്‍ണാടകയുടെ കത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി പുറത്ത്, വാര്‍ത്തയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ ദുഷ്ടലാക്ക്

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

തിരുവനന്തപുരം> വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനത്തില്‍ കേരളം പ്രതികരിച്ചില്ലെന്ന തരത്തിലുണ്ടായ വാര്‍ത്തയ്ക്കെതിരെ മുഖ്യമന്ത്രി. വാര്‍ത്തയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ ദുഷ്ടലാക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അയച്ച കത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി കത്ത് പുറത്ത് വന്നു.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് വീട് നിര്‍മാണത്തിന് കര്‍ണാടക ഔദ്യോഗികമായി അറിയിച്ചത് ഡിസംബര്‍ 6നാണ്. 'വയനാട്ടില്‍ 100 വീടുകള്‍ വെച്ച് നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ'- എന്ന ബ്രേക്കിംഗ് ന്യൂസ് പുറത്ത് വന്നത് ഡിസംബര്‍ 10നാണ്.


കര്‍ണാടക മുഖ്യമന്തി കേരള മുഖ്യമന്തിക്ക് ഇത് സംബന്ധിച്ച് ഔദ്യോഗികമായി കത്തയച്ചത് ഡിസംബര്‍ ഒമ്പതിനാണ്. ഇതിന് രണ്ട് ദിവസം മുന്‍പ് ( ഡിസംബര്‍ 6 ന് ) കര്‍ണാടക ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കത്ത് നല്‍കിയതാണ് ദുരന്തം ഉണ്ടായതിന് ശേഷമുള്ള ആദ്യത്തെ അറിയിപ്പ്
അന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി പുനരധിവാസ സഹകരണത്തിന് ഉള്ള പിന്‍തുണ കേരള സര്‍ക്കാരിനെ രേഖമൂലം അറിയിക്കുന്നത്. എന്നാല്‍ സിദ്ധരാമയ്യ കത്തയച്ചതിന് പിറ്റേ ദിവസം (ഡിസംബര്‍ 10ന് ) സിദ്ധരാമയ്യയുടെ കത്തിന് കേരളം മറുപടി നല്‍കിയില്ല എന്ന് ബ്രേക്കിംഗ് ന്യൂസ് പ്രത്യക്ഷപ്പെട്ടു.

വയനാട് ദുരന്ത ബാധിതര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നൂറ് വീട് വെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ച ഉടന്‍ തന്നെ കേരളത്തിന് വേണ്ടി നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തിരുന്നു. 2024 ആഗസ്റ്റ് 3 ന് പിണറായി വിജയന്‍ സിദ്ധരാമ്മയ്യ ടാഗ് ചെയ്താണ് ഈ ട്വീറ്റ് പോസ്റ്റ് ചെയ്തത്. സിദ്ധരാമയ്യയുടെ പരസ്യ പ്രഖ്യാപനം വന്നതിന് പിന്നാലെ വയനാട് റീഹാബിലിറ്റേഷന്റെ ചുമതലയുള്ള ഗീതാ ഐഎഎസിന്റെ ഓഫീസില്‍ നിന്ന് ഫോണില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസുമായി സംസാരിച്ചു. ഈ പ്രഖ്യാപനത്തിന് ശേഷം കര്‍ണാടക സര്‍ക്കാര്‍ ആദ്യമായി കത്ത് നല്‍കിയത് ഡിസംബര്‍ 6നാണ്. ചീഫ് സെക്രട്ടറിക്ക് ലഭിച്ച ആദ്യ അറിയിപ്പിന് ശേഷം 9ന് ഔദ്യോഗികമായി കത്ത് ലഭിച്ചു. നാലു ദിവസത്തിനു ശേഷം മുഖ്യമന്ത്രി മറുപടി കത്ത് അയക്കുകയും ചെയ്തു. ഈ കത്താണ് പുറത്തു വന്നിരിക്കുന്നത്.

പുനരധിവാസത്തിനായി ഒരു ടൗണ്‍ഷിപ്പ് ആണ് വിഭാവനം ചെയ്യുന്നതെന്നും അതിനുള്ള ഭൂമി ഏറ്റെടുത്ത ശേഷം ഏകീകൃത സ്വഭാവത്തിലുള്ള പ്ലാന്‍ തയ്യാറാക്കി വീട് നിര്‍മാണം ആരംഭിക്കും എന്നാണ് കേരളത്തിന് വേണ്ടി ഉദ്യോഗസ്ഥര്‍ അറിയിച്ചത്. വീട് വെച്ച് നല്‍കാന്‍ ആണ് കര്‍ണാടക സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് മറുപടി ലഭിച്ചത്. പ്രഖ്യാപനത്തിന് ശേഷം കേരള സര്‍ക്കാര്‍ പ്രതികരിച്ചില്ല എന്ന കോണ്‍ഗ്രസ് പ്രചാരണം രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top