14 October Monday

ഇപ്പോള്‍ നടക്കുന്നത് സാമൂഹ്യാഘാത പഠനത്തിന് വേണ്ടിയുള്ള സര്‍വേ ; ഒരാളേയും ദ്രോഹിച്ച് പദ്ധതി നടപ്പാക്കില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Mar 24, 2022

ന്യൂഡല്‍ഹി> സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് സാമൂഹ്യാഘാത പഠനത്തിന് വേണ്ടിയുള്ള സര്‍വേ ആണെന്നും  ഭൂമി ഏറ്റെടുക്കാനുള്ള സര്‍വെ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍വെ കൊണ്ട് ആര്‍ക്കും നഷ്‌ട‌മുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

സര്‍വേയ്ക്ക് ശേഷം നടക്കുന്ന സാമൂഹ്യാഘാത പഠനവും കഴിഞ്ഞ് മാത്രമെ ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കുകയുള്ളു.  അതിലേക്ക് വരുമ്പോള്‍, എല്ലാവരേയും വിളിച്ച് നഷ്‌ടപ്പെടുന്ന സ്വത്തിനും കെട്ടിടത്തിനും,  ഉള്ള വിലയേക്കാള്‍ കൂടുതല്‍ നല്‍കി ഏറ്റെടുത്തുകൊണ്ടാണ് സര്‍ക്കാര്‍  അവരോടൊപ്പം നില്‍ക്കുക. യുഡിഎഫ് മുന്നോട്ട് വച്ച ഹൈസ്പീഡ് റെയില്‍ കേരളത്തില്‍ പ്രായോഗികമല്ല.സില്‍വര്‍ ലൈനിന് കേന്ദ്രം വനം  പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

  പദ്ധതിയെ തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്‌. ഒരാളേയും ദ്രോഹിച്ച് പദ്ധതി നടപ്പാക്കില്ല . ആരേയും കിടപ്പാടം ഇല്ലാത്തവരാക്കില്ല. നഷ്‌ടപരിഹാരത്തിന് അനിശ്ചിതത്വം ഉണ്ടാകില്ല. എല്‍ ഡി എഫിന് തുടര്‍ഭരണം കിട്ടിയത് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. അതിന് തടയിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

ഗെയില്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചു. വൈകാരികമായ വ്യാജ പ്രചാരണങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ പിന്നീട് യാഥാര്‍ഥ്യം മനസിലാക്കി പദ്ധതിയെ അനുകൂലിച്ചത് കേരളം കണ്ടതാണ്. നാടിന് ഏറ്റവും ആവശ്യമായ വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇതിനായി വിചിത്ര സഖ്യം കേരളത്തില്‍ രൂപം കൊണ്ടു. ആസൂത്രിതമായ വ്യാജപ്രചാരണം നടക്കുന്നു.

അതിന് ഏതാനും മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നു. സമരത്തിന് അതിവൈകാരികതയും അസാധാരണമായ പ്രാധാന്യവും നല്‍കി ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്ലാ കാലത്തും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. വികസനത്തിന് തുരങ്കം വയ്ക്കുന്നവര്‍ക്ക് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top