25 November Monday

മുഖ്യമന്ത്രിയുടെ ചിരിയിൽ മാധ്യമങ്ങൾക്ക് കൂട്ടക്കരച്ചിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024


തിരുവനന്തപുരം
വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി ചിരിച്ചത് മഹാ അപരാധമാക്കി മലയാള മാധ്യമങ്ങൾ. പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തിന്റെ ചുവടുപിടിച്ചാണ് ‘ഹ ഹ ഹ’ തലക്കെട്ടുമായി മനോരമയും വീക്ഷണവും ചന്ദ്രികയും മാധ്യമവും ഒരമ്മപെറ്റ മക്കളെപ്പൊലെ പത്രമിറക്കിയത്‌. മറ്റുള്ളവരും മോശമായിരുന്നില്ല. രണ്ടു ദിവസമായി കെട്ടിപ്പൊക്കിയ നുണകളെല്ലാം മുഖ്യമന്ത്രി പൊളിച്ചടുക്കിയതിന്റെ നാണം മറയ്‌ക്കാനായിരുന്നു ഈ കരച്ചിലെല്ലാം.

ചിരിക്കാത്തയാളെന്നും ഗൗരവക്കാരനെന്നും  വിശേഷിപ്പിച്ചിരുന്ന മാധ്യമങ്ങളാണ്‌ മുഖ്യമന്ത്രി ചിരിച്ചതിൽ ഇപ്പോൾ കുറ്റം കണ്ടെത്തിയത്‌. ആരോപണങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. മരുമകനും കുടുംബത്തിനും വേണ്ടി വിട്ടുവീഴ്‌ച ചെയ്യുന്നു എന്നതടക്കമുള്ള പഴകിത്തുരുമ്പിച്ച ചോദ്യങ്ങളാണ്‌ മുഖ്യമന്ത്രി ചിരിയോടെ തള്ളിയത്‌. വാർത്തസമ്മേളനത്തിലുടനീളം ചില മാധ്യമപ്രവർത്തകർ ബഹളം വച്ചുകൊണ്ടിരുന്നു. എല്ലാവരും ഒരുമിച്ച് ചോദിച്ചാൽ കേൾക്കാനാകില്ലെന്ന്‌ മുഖ്യമന്ത്രി പലവട്ടം പറയുകയും ചെയ്തു. എന്നിട്ടും  ഇരുപത്തഞ്ചിലേറെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായി മറുപടി നൽകി. കൂട്ടബഹളമായതോടെയാണ്‌ അവസാനിപ്പിച്ചത്‌. ഇതു മറച്ചുവച്ചാണ്‌ ചോദ്യങ്ങൾക്കു മറുപടി പറയാതെ വാർത്താസമ്മേളനം അവസാനിപ്പിച്ചു എന്ന്‌ എഴുതിപ്പിടിപ്പിച്ചത്‌.

സുപ്രധാന തീരുമാനങ്ങളെടുത്ത മന്ത്രിസഭാ യോഗത്തിനു ശേഷമാണ്‌ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയത്‌. വയനാട്‌ പുനരധിവാസത്തിന്‌ ടൗൺഷിപ്പ്‌, ദുരന്തത്തിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുതവരനെയും നഷ്ടമായ ശ്രുതിക്ക്‌ സർക്കാർ ജോലി, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ, ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിനു ധനസഹായം തുടങ്ങിയ തീരുമാനങ്ങളാണ്‌ മുഖ്യമന്ത്രി അറിയിച്ചത്‌.  ഈ തീരുമാനങ്ങളെല്ലാം അപ്രധാനമായി നൽകിയും ഒഴിവാക്കുകയും ചെയ്ത മാധ്യമങ്ങളുമാണ് ചിരിയിൽ കിടന്ന് കണ്ണീർവാർത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top