16 September Monday

നൂറുവർഷങ്ങൾക്കിപ്പുറവും ഗുരുവിന്റെ ആശയങ്ങൾക്ക് പ്രസക്തിയേറി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

തിരുവനന്തപുരം> ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറുവർഷങ്ങൾക്കിപ്പുറവും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളുടെ പ്രസക്തി വർദ്ധിച്ചിട്ടേയുള്ളൂവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഗുരുവിന്റെ ദർശനവും ഇടപെടലുകളും കേരളീയ സമൂഹത്തെയാകെയാണ് പ്രകമ്പനം കൊള്ളിച്ചത്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ഗുരുരുദർശനങ്ങൾ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ഇന്നും ചലനാത്മകമാക്കുന്നു. ഗുരുവിന്റെ ഇടപെടലുകളും പോരാട്ട ചരിത്രവും നമുക്ക് എക്കാലവും മാർഗ്ഗദർശകമാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പ്

കേരളീയ സമൂഹത്തിലേക്ക് നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു നൽകിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. സവർണ്ണ മേൽക്കോയ്മയേയും സാമൂഹ്യതിന്മകളേയും ചോദ്യം ചെയ്ത ഗുരു, ജാതീയമായ ഉച്ചനീചത്വങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരെ ശക്തിയുക്തം നിലകൊണ്ടു. പലമതസാരവും ഏകമാണെന്നാണ് ഗുരു ലോകത്തോട് വിളിച്ചു പറഞ്ഞത്.

ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സർവ്വമതസമ്മേളനത്തിന്റെ ശതാബ്ദി വർഷം കൂടിയാണ് ഇത്‌. “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് 1924 ൽ അദ്ദേഹം ആലുവ അദ്വൈതാശ്രമത്തിൽ സർവ്വമത സമ്മേളനം വിളിച്ചു ചേർത്തത്. മതജാതി വൈരത്താൽ മലീമസമായ സമൂഹത്തിൽ സാഹോദര്യത്തിന്റെയും മാനവിക ഐക്യത്തിന്റെയും സന്ദേശമാണ് സർവ്വമത സമ്മേളനം നൽകിയത്.

നൂറുവർഷങ്ങൾക്കിപ്പുറം ഈ ആശയത്തിന്റെ പ്രസക്തി വർദ്ധിച്ചിട്ടേയുള്ളൂ. ഗുരുവിന്റെ ദർശനവും ഇടപെടലുകളും കേരളീയ സമൂഹത്തെയാകെയാണ് പ്രകമ്പനം കൊള്ളിച്ചത്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ഗുരുരുദർശനങ്ങൾ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ഇന്നും ചലനാത്മകമാക്കുന്നു. ഗുരുവിന്റെ ഇടപെടലുകളും പോരാട്ട ചരിത്രവും നമുക്ക് എക്കാലവും മാർഗ്ഗദർശകമാവട്ടെ. ഏവർക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top