19 September Thursday
രാജ്യത്തെ ആദ്യ ഡിജിറ്റൽ കോടതികൾ ഉദ്ഘാടനം ചെയ്‌തു

സാങ്കേതികവിദ്യ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനാകണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2024


കൊച്ചി
സാങ്കേതികവിദ്യ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള മുൻകരുതലുണ്ടാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വ്യാപകമായ കാലത്ത്‌ ഇതിന്‌ ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതി–--വർഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസുകളുടെ വിചാരണയ്‌ക്ക്‌ എറണാകുളത്ത് ആരംഭിച്ച പ്രത്യേക കോടതിക്കുപുറമെ നെടുമങ്ങാട്‌, കൊട്ടാരക്കര, മണ്ണാർക്കാട്‌, മഞ്ചേരി, മാനന്തവാടി എന്നിവിടങ്ങളിൽ പ്രത്യേക കോടതികളുണ്ട്‌. അരികുവൽക്കരിക്കപ്പെട്ട സമൂഹത്തെ സംരക്ഷിക്കാനുള്ള കേരളത്തിന്റെ പ്രതിജ്ഞാബദ്ധതയെ ഇത്‌ ചൂണ്ടിക്കാട്ടുന്നു. ബഡ്‌സ് ആക്ടുപ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ ആലപ്പുഴയിൽ പ്രത്യേക കോടതി ആരംഭിച്ചത്‌ അനധികൃത നിക്ഷേപങ്ങൾ നിയന്ത്രിക്കാനും നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടികജാതി–--വർഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ എറണാകുളത്ത് തുടങ്ങുന്ന പ്രത്യേക കോടതിയുടെയും ബാനിങ്‌ ഓഫ് അൺ റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് (ബഡ്‌സ്) ആക്ടുപ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ ആലപ്പുഴയിൽ തുടങ്ങുന്ന പ്രത്യേക കോടതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

കൊല്ലത്ത് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ്‌ ആക്ടുപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന ഡിജിറ്റൽ കോടതി, കോടതിനടപടികൾ കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ടുള്ള മോഡൽ ഡിജിറ്റൽ കോർട്ട് റൂം, ഡിജിറ്റൽ ലൈബ്രറി ആൻഡ്‌ ലീഗൽ റിസർച്ച് സെന്റർ, ജുഡീഷ്യൽ അക്കാദമിയിലെ ലേണിങ്‌ മാനേജ്‌മെന്റ് സിസ്റ്റം, ഓൺലൈൻ ഡിസ്‌പ്യൂട്ട്‌ റിസൊല്യൂഷൻ സിസ്റ്റം (വീ സോൾവ്‌) എന്നിവയുടെ ഉദ്‌ഘാടനവും ഡിജിറ്റൽ ജില്ലാ കോടതികളുടെ പ്രഖ്യാപനവും സുപ്രീംകോടതി ജഡ്‌ജി ഭൂഷൺ രാമകൃഷ്‌ണ ഗവായി നിർവഹിച്ചു. 

സിസിടിവി സർവൈലൻസ്‌ യൂണിറ്റിന്റെ ഉദ്‌ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാലും സെക്യൂരിറ്റി കം ഫെസിലിറ്റേഷൻ ബ്ലോക്കിന്റെ ഉദ്‌ഘാടനം നിയമമന്ത്രി പി രാജീവും നിർവഹിച്ചു. റാം മോഹൻ പാലസ് പുനരുദ്ധാരണപദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ഹൈക്കോടതി ആക്ടിങ്‌ ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായി. സുപ്രീംകോടതി ജഡ്‌ജി സി ടി രവികുമാർ, ഹൈക്കോടതി ജഡ്‌ജിമാരായ വി രാജാ വിജയരാഘവൻ, എ കെ ജയശങ്കരൻനമ്പ്യാർ, അഡ്വക്കറ്റ്‌ ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, കേരള ബാർ കൗൺസിൽ ചെയർമാൻ ടി എസ് അജിത്, ഇൻഫോസിസ്‌ ചെയർമാൻ നന്ദൻ നിലേകനി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top