27 December Friday

വിദ്യാഭ്യാസ നിലവാരം ഉയർത്തൽ ; തെറ്റിദ്ധാരണയുണ്ടാക്കാൻ 
ശ്രമമെന്ന്‌ മുഖ്യമന്ത്രി

പ്രത്യേക ലേഖകൻUpdated: Friday Nov 1, 2024



കോഴിക്കോട്‌
വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള ശ്രമം കുട്ടികളെ തോൽപ്പിക്കാനുള്ളതെന്ന്‌ ബോധപൂർവം തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവാരത്തിന്റെ പേരിൽ കുട്ടികളെ തോൽപ്പിക്കാനല്ല വിജയിപ്പിക്കാനാണ്‌ ശ്രമം. തോൽക്കുന്ന കുട്ടികളെ ജയിക്കാൻ പ്രാപ്‌തരാക്കുകയാണ്‌ ചെയ്യുക. വിദ്യാഭ്യാസ നിലവാരത്തിൽ നാം എന്നും ദേശീയ ശരാശരിയിൽ പിറകിൽ നിന്നാൽപ്പോര. അതിനാദ്യം വേണ്ടത്‌ പിന്നിലാണെന്നത്‌ അംഗീകരിക്കലാണ്‌. അത്‌ പരിഹരിക്കാനുള്ള ശ്രമവും വേണം. -ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു  മുഖ്യമന്ത്രി.

എല്ലാകുട്ടികളെയും പാസാക്കണമെന്ന്‌ പറയുമ്പോൾ നിലവാരത്തോടെ എന്നാണ്‌ ഉദ്ദേശിച്ചത്‌. എന്നാൽ ആ തലത്തിലെത്തിയില്ല. കുട്ടിക്കും അധ്യാപകനും സുഖം എന്നതായി മാറി.  മിനിമം വേണ്ട, വിജയിച്ചു പോയാൽമതി എന്നതായി അവസ്ഥ.  ഈ സ്ഥിതി നാടിനെ പിറകോട്ടടിപ്പിക്കലായി എന്നതാണ്‌ അനുഭവം. വായിക്കാനും  എഴുതാനുമുള്ള ശേഷി കുട്ടികൾക്ക്‌ വേണം. ഇന്നത്തെ കാലത്തിനാവശ്യമായ അറിവ്‌ ആർജിക്കാനുമാകണം.

നമ്മുടെ കുട്ടികളുടെ സഹജീവിസ്‌നേഹം മാതൃകാപരമാണ്‌. ഈയടുത്തുണ്ടായ ദുരന്തവേളകളിലെല്ലാം ദുരിതാശ്വാസനിധിയിലേക്കവർ സമ്പാദ്യക്കുടുക്കകൾ നൽകി. വയനാട്‌ ഉരുൾപൊട്ടലിനെ തുടർന്ന്‌  അഞ്ചുദിവസത്തെ ശമ്പളം സർക്കാർ ആവശ്യപ്പെട്ടപ്പോൾ  സർക്കാർ ജീവനക്കാരിൽ ഒരുവിഭാഗം എതിർത്തു. നമ്മുടെ കുട്ടികൾ എത്ര ഉയരത്തിൽ നിൽക്കുന്നു എന്ന്‌ ഓർമിപ്പിച്ച ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവൂർ പി കൃഷ്‌ണപിള്ള സ്‌മാരകഹാളിൽ നടന്ന ചടങ്ങിൽ ബാലസംഘം സംസ്ഥാന പ്രസിഡന്റ്‌ പി എൻ പ്രവിഷ അധ്യക്ഷയായി. കെ കെ ലതിക സ്വാഗതം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top