26 November Tuesday
നെല്ലുസംഭരണം പൂർണമായും സഹകരണമേഖലയിലാക്കും

സഹകരണമേഖലയിലെ നിക്ഷേപത്തിന്‌ 
പൂർണ ഗ്യാരന്റി : മുഖ്യമന്ത്രി

പ്രത്യേക ലേഖകൻUpdated: Tuesday Nov 26, 2024


കണ്ണൂർ
സഹകരണമേഖലയിലെ നിക്ഷേപങ്ങൾ പൂർണമായും ഭദ്രമായിരിക്കുമെന്ന  സംസ്ഥാന സർക്കാരിന്റെ ഗ്യാരന്റി ആവർത്തിച്ചും ഉറപ്പിച്ചും വ്യക്തമാക്കുകയാണെന്ന്‌   മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുവൻ സഹകരണ സംഘങ്ങളിലെയും നിക്ഷേപം തിരികെനൽകാനാവശ്യമായ ലിക്വിഡിറ്റി ഉറപ്പാക്കുന്നതോടൊപ്പം നിക്ഷേപ ഗ്യാരന്റി ബോർഡുമുണ്ട്‌. സഹകരണ പുനരുദ്ധാരണ നിധി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കേരള ബാങ്ക്‌ അഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള കർമപദ്ധതി ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു. 

മലയാളിയുടെ സാമൂഹ്യ–-സാമ്പത്തിക ജീവിതം പുരോഗമനകരമായി മുന്നോട്ടുകൊണ്ടുപോകാൻ ഇടപെടുന്ന സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്നതിനുപിന്നിലെ അജൻഡ കാണാതെ പോകാനാകില്ല. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം ഇവിടെത്തന്നെ ചെലവഴിക്കുന്നു. എന്നാൽ, അത്തരം നിക്ഷേപങ്ങളെല്ലാം കേരളത്തിന്‌ പുറത്തെത്തിക്കാനും അവ വാണിജ്യ ബാങ്കുകൾവഴി കോർപ്പറേറ്റുകൾക്ക്‌ കൈമാറാനുമാണ്‌ ചിലർ ആഗ്രഹിക്കുന്നത്‌. അത്‌ കഴിയാതെ വരുന്നതിനാലാണ്‌ സഹകരണ മേഖലയ്‌ക്കെതിരെ നുണപ്രചാരണം ശക്തമാക്കുന്നത്‌.

സുതാര്യമായ സഹകരണമേഖലയെ തകർത്ത്‌ ഒരു വിശ്വാസ്യതയുമില്ലാത്ത മൾട്ടി സ്റ്റേറ്റ്‌ സഹകരണ സംഘങ്ങളെ കൊണ്ടുവരാനും ശ്രമിക്കുകയാണ്‌.  രാജ്യത്ത്‌ ഇത്തരം 1500 ഓളം സംഘങ്ങളുണ്ട്‌. അതിൽ 44 സംഘങ്ങളാണ്‌ 2022ൽ അഴിമതിയുടെപേരിൽ അടച്ചുപൂട്ടിയത്‌. പതിനായിരം കോടിയിലേറെ രൂപയാണ്‌ ഇവർ കവർന്നത്‌. അതൊന്നും വാർത്തയാക്കാതെ, കേരളത്തിലെ ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിച്ച്‌ സഹകരണമേഖലയുടെ വിശ്വാസ്യത തകർക്കാനാണ്‌ ശ്രമം. സഹകരണ സ്ഥാപനങ്ങളിൽ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിനനുസരിച്ച്‌ പ്രവർത്തിക്കാൻ കഴിയണം. ചില തെറ്റായ പ്രവണതകൾ ഉയരുന്നത്‌ ഗൗരവത്തോടെ കാണണം. സഹകരണമേഖലയുടെ ശുദ്ധി നിലനിർത്താനാകണം. സാമ്പത്തിക ഇടപാടുകളിൽ ചിട്ടകൾ പാലിക്കണം. ഒരുകാരണവശാലും നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കരുത്‌. വ്യക്തിതാൽപര്യങ്ങൾക്ക്‌ കീഴ്പ്പെടരുത്‌. കൃത്യമായ നിരീക്ഷണങ്ങളിലൂടെ ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്താൻ കഴിയണം–- മുഖ്യമന്ത്രി പറഞ്ഞു.

നെല്ലുസംഭരണം പൂർണമായും സഹകരണമേഖലയിലാക്കും
പാലക്കാട്‌ ഉൾപ്പെടെയുള്ള പ്രധാന നെല്ലുൽപാദനകേന്ദ്രങ്ങളിലെ സംഭരണം സഹകരണ മേഖലയിലാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  സഹകരണ മേഖല അതിന്‌ സന്നദ്ധമാണ്‌. നിലവിലുള്ള പ്രശ്‌നങ്ങൾ സർക്കാർ പരിഹരിക്കും. ചുമതല ഭംഗിയായി നിർവഹിക്കാൻ സംഘങ്ങൾക്ക്‌ കഴിയണമെന്നും കണ്ണൂരിൽ കേരള ബാങ്ക്‌ കർമപദ്ധതി ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.

ചട്ടപ്പടി ബാങ്കിങ്‌ പ്രവർത്തനങ്ങളിൽ ഒതുങ്ങാതെ കൃഷിവകുപ്പിന്റെ സഹകരണത്തോടെ കാർഷികാഭിവൃദ്ധിക്കുൾപ്പെടെ വലിയ തോതിലുള്ള ഇടപെടൽ ഉണ്ടാകണം.  ഉൽപാദനക്ഷമത വർധിപ്പിക്കാൻ ഇടപെടുന്നതോടൊപ്പം മൂല്യവർധിത ഉൽപന്നങ്ങളിലേക്കും കടക്കണം. ഉൽപാദനം വർധിക്കുമ്പോൾ കേടുകൂടാതെ സംഭരിക്കാനും സൂക്ഷിക്കാനുമുള്ള സംവിധാനങ്ങളും കണ്ടെത്തണം.

 സംസ്ഥാനത്ത്‌ ബാങ്കിങ്‌ പ്രവർത്തനത്തിന്റെ 40 ശതമാനവും സഹകരണ ബാങ്കുകളിലാണ്‌. ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയുടെ അത്താണിയായി പ്രവർത്തിക്കുന്ന ഈ മേഖലയിലെ നിക്ഷേപം 2.6 ലക്ഷം കോടിയാണ്‌. 1.86 ലക്ഷം കോടി രൂപയുടെ വായ്‌പ കൈകാര്യം ചെയ്യുന്ന മേഖലയിലെ പ്രവർത്തനങ്ങൾ കേരള വികസന മാതൃകയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌. ലോക റാങ്കിങ്ങിൽ വൻകിട സഹകരണ സ്ഥാപനങ്ങളെ മറികടന്ന്‌ ഒന്നാം സ്ഥാനത്തെത്തിയ സഹകരണ സ്ഥാപനങ്ങളാണ്‌ ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top