സീതാറാം യെച്ചൂരി നഗർ (വിഴിഞ്ഞം)
വർഗീയവാദികളുടെയും തീവ്രവാദികളുടെയും പിന്തുണയായാലും ‘വോട്ടല്ലേ, അത് പോരട്ടെ’ എന്ന ചിന്തയാണ് കോൺഗ്രസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകുന്ന എൽഡിഎഫിനെ എങ്ങനെയും തകർക്കണമെന്ന ആലോചനയുടെ ഭാഗമാണതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ.
എസ്‌ഡിപിഐയെയും ജമാ അത്തെ ഇസ്ലാമിയെയും സാധാരണ മുസ്ലിം ജനവിഭാഗം അംഗീകരിക്കുന്നില്ല. ഞങ്ങൾ കോൺഗ്രസിനെ പിന്തുണയ്‌ക്കുകയാണ് എന്ന് ഇവർ പരസ്യമായി പറയുകയാണ്. അതു വേണ്ട എന്നുപറയാൻ കോൺഗ്രസിന് കഴിയാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. മതനിരപേക്ഷ നിലപാടാണ് കോൺഗ്രസിനെങ്കിൽ വർഗീയശക്തികളെ താലോലിക്കാൻ പാടുണ്ടോ. കോൺഗ്രസ് ബിജെപിയെ താലോലിക്കാൻ തുടങ്ങിയിട്ട് നാളെത്രയായി. നാലു വോട്ടിനുവേണ്ടി എന്ത് വൃത്തികേടും കാണിക്കാമോ. ഇത്തരക്കാരെ പിന്തുണയ്ക്കുന്നത് നാടിനാപത്താണെന്നത് തിരിച്ചറിയണം.
അർഹമായ സഹായം അനുവദിക്കാതെ കേരളത്തെ കേന്ദ്രം ശത്രുപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. വയനാട് പുനരധിവാസത്തിൽ കേരളം യാചിക്കുകയല്ല, അർഹമായതും അവകാശപ്പെട്ടതും ചോദിക്കുകയാണ്. അത് അനുവദിക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്. സഹായം നിഷേധിക്കുന്ന സമീപനം തുടർന്നാൽ മുമ്പ് പ്രളയകാലത്ത് പറഞ്ഞുതന്നെയാണ് ആവർത്തിക്കാനുള്ളത്.
തലയിൽ കൈവച്ചിരിക്കില്ല, കേരളംഇതും അതിജീവിക്കും. വയനാടിന്റെ കാര്യത്തിലും ഒരു കുറവും വരുത്താതെ ചെയ്യേണ്ടത് ചെയ്യും. ദുരന്തബാധിതരെ സർക്കാർ കൈയൊഴിയില്ല. ലോകത്തിനും രാജ്യത്തിനും മാതൃകയായി നല്ലൊരു ടൗൺഷിപ് നിർമിക്കുകതന്നെ ചെയ്യും. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടക്കുന്നത് ചില പാർടികൾക്ക് ചിന്തിക്കാൻപോലും കഴിയില്ല. ജനാധിപത്യപരമായ പ്രവർത്തനം വർഷങ്ങളായി നടക്കാത്ത പാർടികളും നാട്ടിലുണ്ട്. എന്നാലും സിപിഐ എമ്മിനെ ജനാധിപത്യ പാർടി എന്ന് വിശേഷിപ്പിക്കാൻ ചിലർക്ക് വലിയ വിഷമമാണ്. എങ്ങനെയും കമ്യൂണിസ്റ്റ് പാർടിയെ എതിർക്കുകയും ഇല്ലാതാക്കുകയുമാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..