തൃശൂർ
പൗരാവകാശങ്ങൾ ഹനിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയെ തകർക്കാൻ ഏതു കൊലകൊമ്പൻ വന്നാലും അനുവദിക്കില്ലെന്ന് ദൃഢനിശ്ചയം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്‌വൈഎസ് കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി പൗരാവകാശ സമ്മേളനം ആമ്പല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ പൗരാവകാശത്തിന്റെ അടിസ്ഥാനം ഭരണഘടനയാണ്. നിർഭാഗ്യവശാൽ ഭരണഘടനാശിൽപ്പിയെപ്പോലും അപമാനിക്കാൻ മടിയില്ലാത്തവരാണ് രാജ്യത്ത് അധികാരത്തിലുള്ളത്. രാജ്യസഭയിൽ ഭരണഘടനാ ഭേദഗതിയെക്കുറിച്ചുള്ള ചർച്ചയിൽ ഡോ. അംബേദ്‌കറെ ആക്ഷേപിക്കുന്ന പരാമർശം ആഭ്യന്തര മന്ത്രിയിൽ നിന്നുണ്ടായി. ഭരണഘടനയെ അട്ടിമറിച്ച് ആധുനിക ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കി, വിശ്വാസപ്രമാണത്തിന് അടിസ്ഥാനത്തിലുള്ള ഭരണസംവിധാനം പ്രാബല്യത്തിൽ വരുത്തുകയാണ് അവരുടെ ലക്ഷ്യം.
കേന്ദ്രസർക്കാർ അധികാരത്തിലെത്തി അധികം താമസിയാതെ വഖഫ് നിയമ ഭേദഗതി കൊണ്ടുവന്നു. ഇപ്പോൾ മദ്രസകളെയും ലക്ഷ്യംവച്ചിരിക്കുന്നു. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനും ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കാനുമുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് നിയമഭേദഗതി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന ബിൽ നടപ്പാക്കി ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളേയും ലക്ഷ്യമിടുന്നു. മതേതര പാരമ്പര്യം ആവശ്യപ്പെടുന്ന രാഷ്ട്രീയ കക്ഷികൾ ഈ നിലയുമായി സമരസപ്പെടുമ്പോൾ കൂടുതൽ ജാഗരൂകരാകണം.
മതത്തെ മറയാക്കി വിദ്വേഷം വളർത്തുന്നവരെ വിമർശിക്കണം. അത് ഏതെങ്കിലും വിഭാഗത്തിന് എതിരല്ല, വർഗീയതക്ക് എതിരായ വിമർശമാണ്. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് എതിർക്കണമെന്ന് തീരുമാനിച്ചാൽ ആത്മഹത്യാപരമായിരിക്കും. മതനിരപേക്ഷ ജനാധിപത്യ ഐക്യനിരയിൽ അണിനിരന്ന് ഒരുമിച്ചുചേർന്നു ചെറുക്കുകയാണ് വേണ്ടത്. ആരാധനാലയങ്ങൾക്കുമേൽ പുതിയ അവകാശവാദം ഉന്നയിച്ച് രാജ്യത്തെ വർഗീയമായി പിളർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ആരാധനാലയങ്ങളുടെ മതസ്വഭാവം 1947 ആഗസ്ത് 15ന് എന്തായിരുന്നോ, അത് നിലനിർത്തണമെന്ന് അനുശാസിക്കുന്ന 1991ലെ ആരാധനാലയ സംരക്ഷണനിയമം നിലനിർത്തണം. ഈ സാഹചര്യത്തിലാണ് 1991ലെ ആരാധനാലയ സംരക്ഷണനിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ കക്ഷിചേരാൻ സിപിഐ എം തീരുമാനിച്ചതെന്നും മുഖ്യമന്ത്രിപറഞ്ഞു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..