08 September Sunday

നിരോധിത പ്ലാസ്റ്റിക്‌ ക്യാരിബാ​ഗ്‌ 
ഉപയോഗിച്ചാൽ കര്‍ശന നടപടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024


തിരുവനന്തപുരം
നിരോധിത പ്ലാസ്റ്റിക്‌ ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ  നടപടി കർശനമാക്കും. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട്‌   മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിലാണ്‌ തീരുമാനം. നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫീസറായി  സബ് കലക്ടറെ ചുമതലപ്പെടുത്തും. കലക്ടറുടെ മേൽനോട്ടത്തിലാകും ഇത്‌. മേജർ ഇറിഗേഷൻ വകുപ്പിന്റെയും കോർപ്പറേഷന്റെയും റെയിൽവേയുടെയും ഏകോപനം ഉറപ്പാക്കും.

പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യംതള്ളുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും. മാലിന്യം സംസ്കരിക്കുന്നവർക്ക് അഗ്നിരക്ഷാസേന പരിശീലനവും ആവശ്യമായ സുരക്ഷാ ക്രമീകരണവും നൽകും.  നീർച്ചാൽ സംരക്ഷണം, പരിപാലനം, മേൽനോട്ടം  എന്നിവയ്ക്കായി ജനകീയ പരിപാടി ആസൂത്രണം ചെയ്യും. ഇതിനായി നീർച്ചാൽ കമ്മിറ്റി രൂപീകരിക്കൽ, കുട്ടികളുടെ  മേൽനോട്ടത്തിൽ നീർച്ചാൽ പരിപാലനം എന്നിവയും ഉണ്ടാകും. നീർച്ചാലുകളുടെ കടലിലേക്കുള്ള നീരൊഴുക്ക് സു​ഗമമാക്കും.

സാംക്രമിക രോ​ഗങ്ങൾ തടയാൻ മാലിന്യനീക്കം പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാദൗത്യത്തിൽ സാഹസികമായി പങ്കെടുത്തവരെ, പ്രത്യേകിച്ച് സ്കൂബ ടീമിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഓൺലൈനായി ചേർന്ന യോ​ഗത്തിൽ  ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ , റെയിൽവേ ഡിവിഷണൽ മാനേജർ,  തദ്ദേശഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം, -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പുമന്ത്രിമാരും എംഎൽഎമാരും മേയറും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top