കൊല്ലം > കടൽ മാലിന്യവിമുക്തമാക്കുന്ന ശുചിത്വസാഗരം പദ്ധതിയിൽ ഇതിനകം സംഭരിച്ചത് 1,25,408 കിലോ പ്ലാസ്‌റ്റിക്. ഷ്രഡ് ചെയ്ത 86,839 കിലോയിൽ 78,682.365 കിലോ വിറ്റതിലൂടെ സർക്കാരിന് ലഭിച്ചത് 20 ലക്ഷം രൂപ. കേരള സ്റ്റേറ്റ് കോസ്റ്റൽ ഡെലവ്മെന്റ് കോർപറേഷൻ പദ്ധതിയ്ക്കായി 21 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. 38569 കിലോ ക്ലീൻ ചെയ്‌തതും 8,156.635 കിലോ ഷ്രഡ്‌ചെയ്‌തതും ശേഷിക്കുന്നു. പ്ലാസ്‌റ്റിക് ശേഖരിക്കാൻ ബോട്ടുകൾക്ക് 8414 ബാഗ് കൊടുത്തതിൽ 6300 ബാഗ് നിറയെ പ്ലാസ്‌റ്റിക് തിരിച്ചുനൽകി. മാർച്ച് 31വരെയുള്ള കണക്കാണിത്.
കടലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആവാസവ്യവസ്ഥയെയും ജൈവസമ്പത്തിനെയും സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ സർക്കാർ പദ്ധതി ആവിഷ്‌കരിച്ചത്. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങൾ നശിക്കുകയും ജൈവസമ്പത്ത് ഇല്ലാതാകുകയും, പ്ലാസ്റ്റിക് കണങ്ങൾ മത്സ്യശരീരത്തിൽ ജനിതകമാറ്റം സംഭവിക്കുകയും ചെയ്യുന്നത് വിപത്തിന് ഇടയാക്കുന്ന സാഹചര്യത്തിലാണിത്. മുൻ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ മുൻകൈയെടുത്ത് കൊല്ലത്ത് നടപ്പാക്കിയത്. 2017 ആഗസ്‌ത് അഞ്ചിനാണ് പദ്ധതിക്ക് തുടക്കമായത്.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട 25 ഓളം വനിതാ പ്രവർത്തകർക്ക് പരിശീലനം നൽകി. പ്രതിദിനം ഒരു ടൺ സംസ്‌കരണ ശേഷിയുള്ള പ്ലാസ്റ്റിക് പൊടിക്കുന്നതിനുള്ള യൂണിറ്റ്, കനമുള്ള പ്ലാസ്റ്റിക്കുകളും കുപ്പികളും പ്രസ്സ് ചെയ്‌തു പാകപ്പെടുത്തുന്നതിനുള്ള ബെയിലിങ് പ്രസ് എന്നിവയും സ്ഥാപിച്ചതോടെ മാലിന്യത്തിന് ഒരു പരിധിവരെ പരിഹാരംകണ്ടെത്താൻ കഴിഞ്ഞു. ജനങ്ങളുടെ സഹകരണത്തോടെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കിയ പദ്ധതി അന്താരാഷ്‌ട്ര ശ്രദ്ധപിടിച്ചുപറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..