22 December Sunday

പ്ലസ്‌ വൺ: പ്രവേശനം പൂർത്തിയായി; 
ഒഴിവ്‌ അര ലക്ഷത്തിലേറെ സീറ്റ്‌

ബിജോ ടോമിUpdated: Sunday Aug 11, 2024

തിരുവനന്തപുരം
ഹയർസെക്കൻഡറി വിഭാഗം ഒന്നാം വർഷ പ്രവേശന നടപടി പൂർത്തിയായപ്പോൾ സംസ്ഥാനത്ത്‌ ഒഴിഞ്ഞ്‌ കിടക്കുന്നത്‌ 53,390 സീറ്റ്‌. അൺ എയ്‌ഡ്‌ഡ്‌ സ്‌കൂളുകളിലെ സീറ്റ്‌ കൂടി ചേർത്തുള്ള കണക്കാണിത്‌. 3,88,512 വിദ്യാർഥികൾ പ്ലസ്‌ വണ്ണിന്‌ പ്രവേശനം നേടി. 3,04,846 പേർ മെറിറ്റ്‌ സീറ്റിൽ ഇടം നേടി. എംആർഎസ്‌ –- 942, കമ്യൂണിറ്റി ക്വാട്ട –- 21,348, മാനേജ്‌മെന്റ്‌ ക്വാട്ട –- 35,053, അൺഎയ്‌ഡഡ്‌ –- 26,323 എന്നിങ്ങനെയാണ്‌ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം.

രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം സ്പോട്ടിൽ ഉൾപ്പെടെ 921 അഡ്മിഷൻ നടന്നിട്ടുണ്ട്. ഹയർസെക്കൻഡറിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ റഗുലർ സ്കൂളുകളിൽ നടന്നത് ഈ വർഷമാണ്.

4,66,071 അപേക്ഷയാണ്‌ ഇത്തവണ ലഭിച്ചത്‌. ഇതിൽ 44,410 വിദ്യാർഥികൾ ഒന്നിലധികം സീറ്റുകളിലേക്ക്‌ അപേക്ഷിച്ചവരായിരുന്നു. പ്ലസ്‌ വണ്ണിന്‌ അപേക്ഷിക്കുന്നവരിൽ 20 ശതമാനം പേർ മറ്റു കോഴ്‌സുകളിലേക്ക്‌ മാറുന്ന പതിവ്‌ ഇക്കുറിയും ആവർത്തിച്ചതോടെയാണ്‌ അര ലക്ഷത്തിലേറെ സീറ്റ്‌ ഒഴിവ്‌ വന്നത്‌.

പ്ലസ്‌ വൺ പ്രവേശനം ആഗ്രഹിക്കുന്ന ഒരു വിദ്യാർഥിക്കും സീറ്റ്‌ ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ലെന്ന്‌ സർക്കാർ ഉറപ്പു നൽകിയിരുന്നു. വൊക്കേഷണൽ ഹയർസെക്കൻഡറി, പോളിടെക്‌നിക്‌, ഐടിഐ കോഴ്‌സുകളിൽ ചേരുന്നവരും പ്ലസ്‌ വണ്ണിന്‌ അപേക്ഷിക്കുന്നത്‌ പതിവാണ്‌. കേന്ദ്രസിലബസിൽനിന്ന്‌ പ്ലസ്‌ വണ്ണിന്‌ അപേക്ഷിക്കുന്നവർ അവിടെ തന്നെ തുടരുകയാണ്‌ പതിവ്‌. ഇക്കാരണം കൊണ്ട്‌ അപേക്ഷകരുടെ എണ്ണം കൂടുമെങ്കിലും പ്രവേശനം നേടുന്നവരുടെ എണ്ണം കുറയും. ഇത്തവണ മലപ്പുറത്ത്‌ 120 അധിക ബാച്ചും കാസർകോട്‌ 18 അധിക ബാച്ചും അനുവദിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top