10 September Tuesday

പിഎം കെയറിനെ വെള്ളപൂശാൻ സംഘപരിവാർ സംഘം ; സിഎംഡിആർഎഫിനെതിരെ വ്യാജപ്രചാരണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024


തിരുവനന്തപുരം
പിഎം കെയറിനെതിരായ ആരോപണങ്ങൾ മറച്ചുപിടിക്കാനും ദുരിതബാധിതർക്കുള്ള സഹായത്തിന്‌ തടയിടാനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ കള്ളക്കഥകളുമായി സംഘപരിവാർ പ്രൊഫൈലുകൾ. ഓഡിറ്റിങ്‌ പോലുമില്ലാത്ത പിഎം കെയർ (പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി) ഫണ്ട്  കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപകരണമാണെന്ന ആരോപണം വ്യാപകമായിരിക്കേയാണ്‌ ഏറ്റവും സുതാര്യമായി നടക്കുന്ന സിഎംഡിആർഎഫിനെതിരെ വ്യാജപ്രചാരണം നടക്കുന്നത്‌.

പിഎം കെയറിനെക്കുറിച്ചുള്ള വിവരങ്ങൾ ദുരൂഹമാക്കുന്നതിന്‌ മറുപടി പറയാൻ ബാധ്യതയില്ലെന്ന നിലപാടാണ്‌ കേന്ദ്രത്തിന്റേത്‌. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടിൽനിന്ന് കോടികളാണ് പിഎം കെയറിലേക്ക്‌ സംഭാവന ചെയ്യിച്ചത്. സംഭാവനകളുടെ സ്രോതസും ധനസഹായവുമടക്കം എല്ലാവിവരവും പാർലമെന്റിൽ വയ്ക്കുക, ചട്ടവും നിയമവുമനുസരിച്ച്‌ ഓഡിറ്റിങ്‌ നടത്തുക, സംഭാവന നൽകുന്നവരുടെ വിവരവും ഫണ്ടിൽനിന്നുള്ള സഹായവും തെരഞ്ഞെടുപ്പ്‌ മാനദണ്ഡവും പരസ്യപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും പിഎം കെയർ ഫണ്ടിലേക്കുമുള്ള സംഭാവനകൾ സിഎസ്ആർ പരിധിയിൽ കൊണ്ടുവന്ന കേന്ദ്രം, സമാന ആനുകൂല്യം മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിക്ക്‌ അനുവദിക്കുന്നില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോൾ വേറെ ഫണ്ട്‌ രൂപീകരിക്കുന്നത്‌ വിവാദമായിരുന്നു. വിവരാവകാശ നിയമപ്രകാരംപോലും കേന്ദ്രം മറുപടി നൽകുന്നില്ല.

സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ വരുന്നത്. ബാങ്ക് ട്രാൻസ്ഫറിലൂടെയാണ് പണം ഗുണഭോക്താക്കളിലേക്കെത്തുക. ധനകാര്യ സെക്രട്ടറിയുടെ സീലില്ലാതെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ഫണ്ട്‌ ഉപയോഗിക്കാനാവില്ല. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമേ പണം കൈമാറാനാകൂ. ലഭിക്കുന്ന സഹായം, വിനിയോഗിച്ച തുക, ഗുണഭോക്താക്കളുടെ വിവരങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും വിവരാവകാശ നിയമപരിധിയിൽ വരുന്നതാണ്. കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വർഷാവർഷം ഓഡിറ്റ് ചെയ്യുന്ന അക്കൗണ്ടാണിത്. 2016 മുതൽ 2019 വരെയുള്ള ഓഡിറ്റ് പൂർത്തിയാക്കി. ഒരു ക്രമക്കേടും കണ്ടെത്താനായില്ല.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top