കോഴിക്കോട്
മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെ നിയന്ത്രിക്കണമെന്ന് സമസ്‌ത വിദ്യാർഥി വിഭാഗമായ എസ്‌കെഎസ്‌എസ്‌എഫ്. സലാമിനെ ലീഗ് നേതൃത്വം നിയന്ത്രിക്കണമെന്നും ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം എറണാകുളത്ത് ലീഗ് യോഗത്തിൽ സലാം നടത്തിയ പരാമർശങ്ങൾ സൂചിപ്പിച്ചാണ് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇകെ വിഭാഗം)യുടെ പോഷകസംഘടന രംഗത്തുവന്നത്.
ലീഗ് പ്രവർത്തകരിൽ മഹാഭൂരിപക്ഷവും സുന്നി വിശ്വാസികളാണ്. അവരുടെ വികാരത്തെ വ്രണപ്പെടുത്തുകയാണ് സലാം. ഇത് അംഗീകരിക്കാനാകില്ല. നേരത്തെ സമസ്‌ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെയടക്കം ആക്ഷേപിച്ചിരുന്നു. ഇതിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. നിക്ഷിപ്‌ത താൽപ്പര്യങ്ങൾക്കായി പാർടി സ്ഥാനങ്ങൾ ദുരുപയോഗിക്കുന്നത് തടയണം–- സെക്രട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. ഇതോടെ ഇടക്കാലത്ത് ശമിച്ച ലീഗ് –-സമസ്‌ത ഭിന്നത വീണ്ടും രൂക്ഷമാവുകയാണ്. സമസ്‌ത ജനറൽ സെക്രട്ടറി ഇ കെ അബൂബക്കർ മുസ്ല്യാരുടെ സ്‌മരണാർഥം നടത്താനിരുന്ന സെമിനാർ ലീഗ് വിഭാഗം സമാന്തര പരിപാടി പ്രഖ്യാപിച്ചതിനാൽ എസ്‌കെഎസ്‌എസ്‌എഫിന് ഒഴിവാക്കേണ്ടി വന്നിരുന്നു. അതിൽ പ്രതിഷേധം പുകയവെയാണ് സലാമിന്റെ വിവാദ പ്രസ്‌താവന.
ഖേദമെന്ന് സലാം
മുസ്ലിംലീഗ് യോഗത്തിലെ പ്രസംഗം ഒരുവിഭാഗം തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. പ്രസംഗത്തിലെ ചെറിയ ഭാഗമെടുത്ത് തെറ്റിദ്ധാരണ പരത്തുകയാണ്. സദുദ്ദേശ്യത്തോടെ നടത്തിയ പ്രയോഗങ്ങൾക്ക് മറ്റൊരു വ്യാഖ്യാനം വന്നതിൽ ഖേദിക്കുന്നതായും സലാം ഫെയ്‌സ്ബുക്കിൽ കുറിച്ചു. സമസ്തയെയോ സുന്നി പ്രസ്ഥാനത്തെയോ പരാമർശിക്കാതെയാണ് കേവലമായ ഖേദപ്രകടനം. സാദിഖലി തങ്ങളെന്ന ഏക ഇമാംമതി എന്ന പ്രസംഗം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആവർത്തിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..