തിരുവനന്തപുരം> പ്രതീക്ഷിത ഒഴിവുകൂടി മുന്നിൽക്കണ്ട് സിവിൽ പൊലീസ് ഓഫീസറിൽ 1200 തസ്തിക സൃഷ്ടിച്ച് സംസ്ഥാന സർക്കാർ. അടുത്ത വർഷം ജൂൺ വരെയുണ്ടാകുന്ന വിരമിക്കൽ ഒഴിവ് കണക്കാക്കിയാണിത്. ഒഴിവുകൾ പിഎസ്‍സിയിൽ റിപ്പോർട്ട് ചെയ്യുന്നതിന് അനുസരിച്ച് റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തും.
ഈ മാസം 15നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയത്. ഇതിനാണ് പരിശീലനത്തിനായി മുൻകൂട്ടി തസ്തിക സൃഷ്ടിക്കുന്നത്. ഒമ്പത് മാസത്തെ പരിശീലത്തിനുശേഷമാണ് ഇവർക്ക് നിയമനം നൽകുക. ഇന്ത്യൻ റിസർവ് ബറ്റാലിയനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 18 മാസമാണ് പരിശീലനം. ജില്ലകളിലെ 10 ഒഴിവിൽ ഒരെണ്ണം (9:1) വനിതകൾക്കായി മാറ്റിവയ്‌ക്കും.
എട്ട് വർഷത്തിനിടെ 20,014 പേർക്കാണ് സിപിഒ തസ്‌തികയിൽ നിയമനം നൽകിയത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷം. മുൻപ് നാലും അഞ്ചും വർഷം കൂടുമ്പോഴായിരുന്നു പൊലീസ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നിരുന്നത്. കഴിഞ്ഞ പട്ടികയിൽനിന്ന് മാത്രം ഏഴ് ബറ്റാലിയനുകളിലായി ആകെ 4511 പേർക്ക് നിയമനം നൽകി. എന്നാൽ യുഡിഎഫ് സർക്കാരിന്റ കാലത്ത് അഞ്ചു വർഷത്തിനിടെ വെറും 4796 പേർക്കാണ് നിയമനം നൽകിയത്. ഏപ്രിൽ 15ന് നിലവിൽ വന്ന പുതിയ റാങ്ക് ലിസ്റ്റിൽ 4725 പേരാണ് മുഖ്യപട്ടികയിലുള്ളത്.
പൊലീസ് അനുപാതത്തിലും മുന്നിൽ
രാജ്യത്ത് പൊലിസും ജനസംഖ്യയും തമ്മിലുള്ള അനുപാതം ഒരു ലക്ഷം പേർക്ക് 153 പൊലീസ് എന്നാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ അറിയിച്ചിട്ടുണ്ട്. അതായത് 3.50 കോടി ജനസംഖ്യയുള്ള കേരളത്തിൽ 53,200 പൊലീസുകാർ വേണം.എന്നാൽ കേരളത്തിൽ നിലവിൽ 57,819 പൊലീസുകാരുണ്ട്. ഉത്തർപ്രദേശിൽ 23 കോടി ജനങ്ങൾക്ക് 3,51,900 പൊലീസുകാർ വേണം. 75 ജില്ലകളിലെ 33 ബറ്റാലിയനുകളിലായി 3.10 ലക്ഷം പൊലീസുകാർ മാത്രമാണ് യുപിയിലുള്ളത്. രാജ്യത്ത് കുറഞ്ഞ അനുപാതത്തിൽ പൊലീസ് സേനയുള്ളത് പശ്ചിമ ബംഗാളിലും ബിഹാറിലുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..