കണ്ണൂർ> പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പൊലീസ് ഡ്രൈവർ റിമാൻഡിൽ. കണ്ണൂർ പൊലീസ് ജില്ല ഹെഡ്‌ക്വാട്ടേഴ്‌സ് മെസ്സിലെ ഡ്രൈവറായ കെ സന്തോഷ്‌കുമാറാണ് വധശ്രമക്കേസിൽ റിമാൻഡ് ചെയ്‌തത്. ഞായറാഴ്‌ച വൈകിട്ടാണ് തളാപ്പ് പാമ്പൻ മാധവൻ റോഡിലെ പെട്രോൾ പമ്പിലെ ജീവനക്കാരനെ കാറിടിച്ച്‌കൊലപ്പെടുത്താൻ ശ്രമിച്ചത്.
2100രൂപയ്‌ക്ക് ഇന്ധനം നിറച്ചശേഷം 1900രൂപ നൽകി ബാക്കി പണം നൽകാതെ കാറെടുത്ത് പോകൻ ശ്രമിച്ചപ്പോൾ ജീവനക്കാരനായ പി അനിൽകുമാർ തടയാൻ ശ്രമിച്ചു. ബോണറ്റിന് മുകളിലായിപ്പോയ അനിലിലെ ഇറക്കാതെ അതിവേഗം കാർ ഓടിച്ചുപോയി. കണ്ണൂർ ട്രാഫിക് പൊലീസ് സ്‌റ്റേഷന് മുന്നിൽ നിർത്തിയപ്പോൾ ടൗൺ പൊലീസെത്തി സന്തോഷ്‌കുമാറിനെ അറസ്‌റ്റുചെയ്യുകയായിരുന്നു.
ഒന്നരവർഷം മുമ്പ് കലക്ടറേറ്റിന് മുന്നിലുള്ള പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട ജീപ്പ് ഓടിച്ചു കയറ്റിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിനിടയിലാണ് എആർ ക്യാമ്പിലേക്ക് സന്തോഷിനെ മാറ്റിയത്. എട്ട് വർഷം മുമ്പ് വാഹനാപകടത്തിൽ സന്തോഷിന് തലക്ക് സാരമായി പരിക്കേറ്റിരുന്നു. അതിന് ശേഷവും ഡ്രൈവർ ജോലിയിൽ തുടരാനനുവദിച്ചതിനെതിരെ വകുപ്പിലും പരാതിയുയർന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..