പയ്യോളി > കേരള പൊലീസിനെ കൂടുതൽ ജനകീയമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് സോഷ്യൽ പൊലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇരിങ്ങൽ സർഗാലയ ക്രാഫ്‌റ്റ് വില്ലേജിൽ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സത്യസന്ധതയോടെയും നീതിയോടെയും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ സമീപനം. പ്രൊഫഷണൽ രീതിയിൽ കാര്യങ്ങൾ നീക്കുന്നതിനാണ് പ്രാമുഖ്യം. തുറന്ന മനസോടെ സേനാംഗങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ സർക്കാർ തയ്യാറാണ്. ജനകീയസേന എന്ന നിലയ്‌ക്ക് നല്ലമാറ്റം പൊലീസിൽ പൊതുവെ ഉണ്ടായെങ്കിലും ചിലർ ഇപ്പോഴും ആ മാറ്റത്തിലേക്ക് എത്തിയിട്ടില്ല. അത്തരം ആളുകളെ ശരിയായ മാർഗത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഉണ്ടാവണം. യൂണിഫോം ഫോഴ്‌സുകളെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.
വയനാട്ടിൽ ദുരന്തമുഖത്ത് കൂടപ്പിറപ്പുകളെ രക്ഷിക്കാൻ പൊലീസ് നടത്തിയ പ്രവർത്തനം രാജ്യം അഭിമാനത്തോടെയാണ് കാണുന്നത്. ഡ്യൂട്ടിസമയം പോലും നോക്കാതെ, മഹത്തായ മനുഷ്യത്വമാണ് അവിടെ പ്രകടമായത്– മുഖ്യമന്ത്രി പറഞ്ഞു. ‘വളരുന്ന കേരളം വളരേണ്ട പൊലീസ്’- സെമിനാർ മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്‌തു. അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ചന്ദ്രശേഖരൻ അധ്യക്ഷനായി. കാനത്തിൽ ജമീല എംഎൽഎ, മനുഷ്യാവകാശ കമീഷൻ അംഗം കെ ബൈജുനാഥ്, എം ജി രാധാകൃഷ്ണൻ, ഐജി കെ സേതുരാമൻ, ഇ എസ് ബിജുമോൻ, ജി പി അഭിജിത്, കെ എസ് ഔസേഫ്, പി രമേശൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..