കോഴിക്കോട് > പന്ത്രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ തിരയുമ്പോഴും ‘അവന് ആര് പാലു കൊടുക്കുമെന്ന’ അമ്മയുടെ കരച്ചിൽ മാത്രമായിരുന്നു സിവിൽ പൊലീസ് ഓഫീസർ എം രമ്യയുടെ മനസ്സിൽ. മണിക്കൂറുകൾക്കുശേഷം വയനാട്ടിൽനിന്ന് കുരുന്നിനെ കിട്ടിയപ്പോൾ ഒരു നിമിഷം പാഴാക്കാതെ മുലപ്പാലേകി. പാലു കിട്ടാതെ രക്തത്തിൽ ഗ്ലുക്കോസ് അളവ് കുറഞ്ഞ് അപകട നിലയിലായ കുഞ്ഞ് ആ അമ്മമധുരത്തിൽ പുഞ്ചിരി വീണ്ടെടുത്തു. കഴിഞ്ഞ ഞായറാഴ്‌ച നടന്ന സംഭവം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് വൈറലായി.
ഭർതൃവീട്ടിലെ പ്രശ്‌നങ്ങൾ കാരണമാണ് മലപ്പുറം മങ്കട സ്വദേശി ആഷിഖ വീടുവിട്ടിറങ്ങിയത്. പക്ഷേ, ഭർത്താവ് ആദിലും ഉമ്മ സാക്കിറയും മകനെ വിട്ടുനൽകിയില്ല. തുടർന്ന് ആഷിഖ ചേവായൂർ സ്‌റ്റേഷനിലെത്തി. പൊലീസ് ആദിലിന്റെ പൂളക്കടവിലെ വീട്ടിൽ എത്തിയപ്പോഴേക്കും വീട് പൂട്ടിയിരുന്നു. സമീപത്തെ സിസിടിവിയിൽനിന്ന് ആദിൽ ഉമ്മയ്‌ക്കൊപ്പം മകനുമായി പോകുന്ന ദൃശ്യം ലഭിച്ചു. ഫോൺ സ്വിച്ച് ഓഫായതിനാൽ പിന്തുടരാനായില്ല. ഇതിനിടെ വൈത്തിരിയിൽ ഉമ്മയുടെ ഫോൺ ഓൺ ആയി. ചേവായൂർ പൊലീസ് അറിയിച്ചതനുസരിച്ച് സുൽത്താൻ ബത്തേരി പൊലീസ്, കാറിൽ ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിച്ച ഇരുവരെയും കസ്റ്റഡിയിലെടുത്തു.
ചേവായൂർ എസ്‌ഐ ഹബീബ് റഹ്‌മാനും സിപിഒമാരായ വിനോദും രമ്യയുമെത്തി കുഞ്ഞിനെ കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ വൈദ്യ പരിശോധനക്കെത്തിച്ചു. ഡ്യൂട്ടി ഡോക്ടറുടെ സമ്മതത്തോടെ രമ്യ അവനെ പാലൂട്ടി. ചേവായൂരിലെത്തിച്ച് ആഷിഖയ്‌ക്ക് കൈമാറുംവരെയും രമ്യ അവന് അമ്മയായി. ‘‘ഞാൻ ജോലി ചെയ്‌തു. പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ല. മകൾക്ക് ഒരു വയസായിട്ടേയുള്ളൂ. ഞാൻ ഒരമ്മയാണ്’’–- രമ്യയുടെ വാക്കിൽ അമ്മമധുരം. നാലു വർഷം മുമ്പ് പൊലീസിൽ ചേർന്ന രമ്യ ചിങ്ങപുരം സ്വദേശിയാണ്. ഭർത്താവ് അശ്വന്ത് എൽപി സ്‌കൂൾ അധ്യാപകനാണ്. ദൻപ്രയാൻ, ദൻഷിക എന്നിവരാണ് മക്കൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..