20 September Friday

നീലക്കുപ്പായക്കാരിറങ്ങി;
ചൂരൽമല മാലിന്യമുക്തം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

 ചൂരൽമല> ദുരന്തഭൂമിയെ മാലിന്യമുക്തമാക്കാൻ 508 യൂത്ത്‌ ബ്രിഗേഡ്‌ അംഗങ്ങൾ അണിനിരന്നു. പുലർച്ചെ മുതൽ വൈകിട്ടുവരെ നീണ്ട ദൗത്യം തീരുമ്പോഴേക്ക്‌ ചൂരൽമല മുതൽ മുണ്ടക്കെെവരെയുള്ള പാതയോരത്തെയും ദുരിതബാധിത പ്രദേശങ്ങളിലെയും മാലിന്യമൊഴിഞ്ഞു.

രക്ഷാദൗത്യവുമായി ഒരാഴ്ചക്കാലം ആയിരക്കണക്കിന്‌ മനുഷ്യരൊഴുകിയ മണ്ണിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്‌റ്റിക്‌ കുപ്പിയും------ ഭക്ഷണപ്പൊതികളും മുതൽ സകല മാലിന്യവും തരംതിരിച്ച്‌ ശേഖരിച്ചാണ്‌ പ്രവർത്തകർ മടങ്ങിയത്‌. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, സെക്രട്ടറി വി കെ സനോജ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മേഖലകളായി തിരിഞ്ഞുള്ള ദൗത്യം.

പുഞ്ചിരിമട്ടം, മുണ്ടക്കൈ, അട്ടമല, ചൂരൽമല, വില്ലേജ്‌ റോഡ്‌, സ്‌കൂൾ റോഡ്‌, നീലിക്കാപ്പ്‌ എന്നിങ്ങനെ ഏഴുമേഖലകളിൽനിന്ന്‌ ടൺകണക്കിന്‌ മാലിന്യം ശേഖരിച്ചു. പുലർച്ചെ എത്തിയ സംഘം വൈകിട്ടോടെ ദുരന്തഭൂമിയാകെ മാലിന്യമുക്തമാക്കി. വില്ലേജ്‌ റോഡ്‌, സ്‌കൂൾ റോഡ്‌ പ്രദേശങ്ങളിൽ വീടുകളിൽ അടിഞ്ഞുകൂടിയ ചെളി നീക്കി വാസയോഗ്യമാക്കി. ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌, സെക്രട്ടറി കെ റഫീഖ്‌, ട്രഷറർ കെ ആർ ജിതിൻ, സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു എന്നിവരും ദൗത്യത്തെ നയിച്ചു.

ദുരന്തം കുത്തിയൊലിച്ചിറങ്ങിയ ദിവസംമുതൽ യുവത ചൂരൽമലയിലുണ്ട്‌. ദുരന്തമുഖത്ത്‌ ഒറ്റപ്പെട്ട അനേകരെ ജീവിതത്തിലേക്ക്‌ കൈപിടിച്ചു കയറ്റിയ ബ്രിഗേഡ്‌ ഒരാഴ്ച പിന്നിടുമ്പോഴും കർമനിരതർ. രക്ഷാപ്രവർത്തനം, തിരച്ചിൽ, പാലം നിർമാണം, തിരിച്ചറിയാത്തവരുടെ സംസ്‌കാരം, ക്യാമ്പുകളിലെയും ആശുപത്രികളിലെയും വളന്റിയർ എന്നിവിടങ്ങളിലെല്ലാം യൂത്ത്‌ ബ്രിഗേഡിന്റെ നീലക്കുപ്പായക്കാർ ആദ്യാവസാനമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top