26 November Tuesday

ഒത്തുതീർപ്പ്‌ ഉടമ്പടി ഉടൻ നടപ്പാക്കുക ; തുറമുഖത്തൊഴിലാളികൾ 
ഡിസംബർ 17 മുതൽ സമരത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024


ഗോവ
തുറമുഖത്തൊഴിലാളികളുടെ വേതനഘടനയും പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള സേവനവ്യവസ്ഥകളും പരിഷ്‌കരിക്കാനുള്ള ഒത്തുതീർപ്പ്‌ ഉടമ്പടി ഉടൻ നടപ്പാക്കണമെന്ന്‌ മേജർ പോർട്ട് വർക്കേഴ്‌സ് ഫെഡറേഷനുകളുടെ ദേശീയ കോ–-ഓർഡിനേഷൻ യോഗം. ഡിസംബർ 15നകം ഉടമ്പടി നടപ്പാക്കിയില്ലെങ്കിൽ 17 മുതൽ മേജർ തുറമുഖങ്ങളിൽ അനിശ്ചിതകാലപണിമുടക്ക് ആരംഭിക്കും. ഇത്‌ ആവശ്യപ്പെട്ട്‌ പ്രധാന തുറമുഖങ്ങളുടെ  ചെയർപേഴ്‌സൺമാർക്ക്‌ 28ന്‌ കത്തയക്കും. ഡിസംബർ അഞ്ചിന്‌  തൊഴിലാളികൾ ബാഡ്‌ജണിഞ്ഞ്‌ പോർട്ട് അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസുകൾക്കുമുന്നിൽ പ്രതിഷേധിക്കും.  പെൻഷൻകാരും കുടുംബങ്ങളും10ന്‌ തുറമുഖങ്ങളിൽ പ്രതിഷേധിക്കും.

ആഗസ്‌ത്‌ 27ന്‌ ഒപ്പിട്ട ധാരണപത്രത്തിന് കേന്ദ്ര തുറമുഖമന്ത്രി 28ന് അംഗീകാരം നൽകി. കേന്ദ്ര റീജണൽ ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ സെപ്തംബർ 27ന് ധാരണപത്രം നിയമപരമായ കരാറായി മുംബൈയിൽ ഒപ്പുവച്ചു. തുടർന്ന്‌ അടിയന്തരമായി നടപ്പാക്കേണ്ട ഉടമ്പടി ഇന്ത്യൻ പോർട്ട്‌ അസോസിയേഷൻ നിയമവിരുദ്ധമായി താമസിപ്പിക്കുകയാണെന്ന്‌ കോ–-ഓർഡിനേഷൻ ആരോപിച്ചു.

ഓൾ ഇന്ത്യ പോർട്ട് ആൻഡ്‌ ഡോക്ക് വർക്കേഴ്സ് ഫെഡറേഷൻ (എച്ച്‌എംഎസ്‌), ഓൾ ഇന്ത്യ പോർട്ട് ആൻഡ്‌ ഡോക്ക് വർക്കേഴ്സ് ഫെഡറേഷൻ (വർക്കേഴ്‌സ്‌) (എച്ച്‌എംഎസ്‌), വാട്ടർ ട്രാൻസ്പോർട്ട് വർക്കേഴ്‌സ്‌ ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു), പോർട്ട് ഡോക്ക്  ആൻഡ്‌ വാട്ടർഫ്രണ്ട് വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഐടിയുസി), ഇന്ത്യൻ നാഷണൽ പോർട്ട് ആൻഡ്‌ ഡോക്ക് വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി), ഭാരതീയ പോർട്ട് ആൻഡ്‌ ഡോക്ക് മസ്ദൂർ മഹാസംഘ് (ബിഎംഎസ്‌) എന്നീ ഫെഡറേഷനുകളാണ് യോഗത്തിൽ പങ്കെടുത്തത്‌. പി എം മുഹമ്മദ് ഹനീഫ്, സി ഡി നന്ദകുമാർ, തോമസ് സെബാസ്‌റ്റ്യൻ, സുധാകർ  അപ്‌രാജ്‌ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top