കണ്ണൂർ> എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചുള്ള കോടതി വിധി ആശ്വാസകരമെന്ന് നവീൻ ബാബുവിന്റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും വിധിയിൽ സന്തോഷമല്ല ആശ്വാസമാണുള്ളതെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്‌ചയാണ് കോടതി വിധി വന്നത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
ഈ മാസം 15നായിരുന്നു പത്തനംതിട്ട മലയാലപ്പുഴ താഴംകാരുവള്ളിൽ നവീൻ ബാബുവിനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച് ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേൽക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ശ്രീകണ്‌ഠാപുരത്തിനടുത്ത് നിടുവാലൂർ ചേരന്മൂലയിൽ പെട്രോൾ പമ്പ് അനുവദിക്കുന്നതിന് നിരാക്ഷേപപത്രം നൽകുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..