20 December Friday

പ്രൊഫ. സി ടി കുര്യൻ ആശയങ്ങളാൽ പ്രചോദിപ്പിച്ച അധ്യാപകൻ : പ്രകാശ്‌ കാരാട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024


പുരോഗമനപരമായ സാമൂഹ്യമാറ്റത്തോട്‌ എന്നും ആഴത്തിൽ പ്രതിബദ്ധത പുലർത്തിയ പ്രഗൽഭനായ ധനശാസ്‌ത്രജ്ഞനും അധ്യാപകനുമായിരുന്നു പ്രൊഫ. സി ടി കുര്യൻ. സുഹൃത്തുക്കളുടെയും ശിഷ്യരുടെയും ഇടയിൽ സി ടി കെ എന്ന്‌ അറിയപ്പെട്ടിരുന്ന അദ്ദേഹം ക്രൈസ്‌തവ മാനവികമൂല്യങ്ങൾ പുലർത്തിയ ഇടതുപക്ഷ ബുദ്ധിജീവിയായിരുന്നു. 1965 മുതൽ 68 വരെ ഞാൻ താമ്പരത്ത്‌ മദ്രാസ്‌ ക്രിസ്‌ത്യൻ കോളേജിൽ ധനതത്വശാസ്‌ത്ര ബിരുദത്തിന്‌ പഠിക്കുമ്പോൾ അദ്ദേഹത്തിന്റെ വിദ്യാർഥിയാകാൻ ഭാഗ്യമുണ്ടായിട്ടുണ്ട്‌.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രശ്‌നങ്ങളും അതിന്‌ പൊതുവിൽ സമൂഹവുമായുള്ള ബന്ധവും സംബന്ധിച്ച ആശയങ്ങളാൽ ഞങ്ങളെ പ്രചോദിപ്പിച്ച അധ്യാപകനായിരുന്നു  അദ്ദേഹം. പോൾ ബാരനെ പോലുള്ള മാർക്‌സിസ്‌റ്റ്‌ ധനശാസ്‌ത്രജ്ഞരുടെ രചനകളും കുത്തക മുതലാളിത്തത്തെക്കുറിച്ചുള്ള പോൾ എം സ്വീസിയുടെ പുസ്‌തകവും മറ്റും ഞങ്ങൾക്ക്‌ പരിചയപ്പെടുത്തിയത്‌ അദ്ദേഹമാണ്‌ എന്ന്‌ ഞാൻ ഓർക്കുന്നു. പഠനശേഷവും ഞാൻ അദ്ദേഹവുമായി ബന്ധം നിലനിർത്തിയിരുന്നു. അദ്ദേഹം വിരമിച്ചശേഷം ജീവിച്ച ബംഗളൂരുവിലോ ചെന്നൈയിലോ പോയാൽ   അദ്ദേഹത്തെ കാണുമായിരുന്നു. എറണാകുളം പുത്തൻകുരിശിലെ വയോജനമന്ദിരത്തിലാണ്‌ അദ്ദേഹത്തെ ഞാൻ അവസാനമായി കണ്ടത്‌.

സാമ്പത്തിക നയകാര്യങ്ങളിൽ പാർടി എന്ത്‌ നിലപാട്‌ സ്വീകരിക്കണം എന്നതിൽ അദ്ദേഹം എപ്പോഴും മികച്ച ഉപദേശങ്ങൾ നൽകുമായിരുന്നു. അടിയുറച്ച മതനിരപേക്ഷവാദിയായിരുന്നു അദ്ദേഹം. വർഗീയശക്തികളുടെ വളർച്ചയിൽ വളരെ  ഉൽകണ്ഠപ്പെട്ടിരുന്നു. സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു സമൂഹം പുലരാൻ ആഗ്രഹിക്കുന്നവരെല്ലാം സി ടി കെയെ എന്നും ഓർമിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top