23 December Monday

പ്രവാസികളുടെ ഇൻസ്റ്റിററ്യുഷണൽ ക്വാറന്റൈന്‍: കോണ്‍ഗ്രസിന്റെ സമരം പാപ്പരത്തം- പ്രവാസി സംഘം

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

തിരുവനന്തപുരം> പ്രവാസികളുടെ ഇൻസ്റ്റിററ്യുഷണൽ ക്വാറന്റൈന് പണം ഈടാക്കുന്നുവെന്ന് ആരോപിച്ച് കേരളത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരം അവരുടെ പാപ്പരത്തമാണ് വ്യക്തമാക്കുന്നതെന്ന് കേരള പ്രവാസി സംഘം.കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയ മാര്‍ഗ്ഗരേഖയില്‍ ഉള്‍പ്പെടുത്തിയ കാര്യമാണ്  ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ഫീസ് ഈടാക്കണമെന്നത്.

കേരളത്തില്‍ നിന്നുള്ള 19 യുഡിഎഫ് എംപിമാരില്‍ ഒരാള്‍ പോലും ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല എന്ന് മാത്രമല്ല കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പഞ്ചാബും ഇത് നടപ്പിലാക്കി.അവര്‍ പിന്തുണയ്ക്കുന്ന മഹാരാഷ്ടയിലും ഇതു പ്രാവര്‍ത്തികമാക്കി.കേരളത്തില്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്.സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ഇതുവരെ എല്ലാവര്‍ക്കും സൗജന്യമായാണ് നല്‍കിയത്.ഇനിയും തൊഴില്‍ രഹിതരായി തിരിച്ചു വരുന്നവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഇതേ സൗജന്യം തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്.

എന്നിട്ടും കേരളത്തില്‍ കോണ്‍ഗ്രസ് സമരം നടത്തുന്നത് ഇരട്ടത്താപ്പും വഞ്ചനയുമാണ്.കേരളത്തില്‍ മികച്ച നിലയില്‍ കോവിഡ് 19  പ്രതിരോ ധം നടത്തുന്ന സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തിയ എല്ലാ സമര നാടകങ്ങളും ജനങ്ങള്‍ തള്ളികളഞ്ഞു.പ്രവാസികളോട് വഞ്ചന മാത്രം നടത്തിയ ചരിത്രമാണ് കോണ്‍ഗ്രസിന്റേത്.പ്രവാസി ക്ഷേമ പെന്‍ഷന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 2009ല്‍ ആരംഭിച്ചു.തുടര്‍ന്ന് കേരളം ഭരിച്ച യുഡിഎഫ് ഒരു  രൂപ പോലും പെന്‍ഷന്‍ കൂട്ടിയില്ല.പിണറായി സര്‍ക്കാരാണ് അത് മൂന്നിരട്ടി  കൂട്ടിയത്.ലോക്ക്ഡൗണ്‍ കാലത്ത് പ്രവാസികള്‍ക്ക് ധനസഹായം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്.ഇതെല്ലാമാണ് വസ്തുതയെന്നിരിക്കെ കോണ്‍ഗ്രസും ലീഗും ബിജെപിയും നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കുവാനുള്ള നാടകങ്ങളാണ്.

പ്രവാസി സമൂഹവും ജനങ്ങളും ഇത് തിരിച്ചറിയുമെന്ന് പ്രത്യാശിക്കുന്നുവെന്നും  കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top