സലാല > ലോകസഭ- നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയത്ത് നടത്തുവാനുള്ള നീക്കം രാജ്യത്ത് നിലനിൽക്കുന്ന ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്നതും ഭരണഘടനയെ ദുർബലപ്പെടുത്തുന്നതുമാണെന്ന് പ്രവാസി വെൽഫെയർ സലാല പ്രസ്താവനയിൽ പറഞ്ഞു. ചിലവ് കുറയ്ക്കുവാൻ എന്ന പേരിൽ കൊണ്ടുവരുന്ന പദ്ധതിയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അജണ്ടകൾ ജനങ്ങൾ തിരിച്ചറിയണമെന്നും ബഹുസ്വര ഇന്ത്യയുടെ വൈവിധ്യങ്ങളെയും പ്രാദേശികമായ ആവശ്യങ്ങളേയും സ്വാതന്ത്ര്യങ്ങളേയും സംരക്ഷിക്കുവാൻ ജനങ്ങൾ ഐക്യപ്പെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തവും പൗരാവകാശങ്ങളും ഉറപ്പുവരുത്തുവാൻ പ്രവാസികൾക്ക് വോട്ടവകാശം നൽകുകയും അത് വിനിയോഗിക്കുവാനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യണമെന്ന് പ്രസിഡൻറ് അബ്ദുള്ള മുഹമ്മദ് ആവശ്യപ്പെട്ടു.
യോഗത്തിൽ ജനറൽ സെക്രട്ടറി തസ്റീന ഗഫൂർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കലാസന്ധ്യയും ഭരണഘടന സംരക്ഷണ സംഗമവും സംഘടിപ്പിക്കുമെന്ന് വൈസ് പ്രസിഡൻറ് രവീന്ദ്രൻ നെയ്യാറ്റിൻകര അറിയിച്ചു. വഹീദ് ചേന്ദമംഗല്ലൂർ, കെ സൈനുദ്ദീൻ, സാജിത ഹഫീസ്, ഷജീർ ഹസൻ, ഉസ്മാൻ കളത്തിങ്കൽ, അയ്യൂബ് വാലിയിൽ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..