21 November Thursday

ഉൽപ്പന്നങ്ങളുടെ വില കുതിച്ചു ; മൊത്തവിലക്കയറ്റതോതിൽ റെക്കോഡ്‌ വർധന

വാണിജ്യകാര്യ ലേഖകന്‍Updated: Monday Jul 15, 2024


കൊച്ചി
രാജ്യത്ത്  വിവിധ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയർന്നതോടെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റതോത് (ഡബ്ല്യുപിഐ)വർധിച്ചു. ജൂണിൽ 3.36 ശതമാനമായാണ് ഉയർന്നത്. 16 മാസത്തെ ഉയർന്ന നിരക്കാണിത്. മേയിൽ 2.61 ശതമാനവും ഏപ്രിലിൽ 1.19 ശതമാനവുമായിരുന്നു.

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് പച്ചക്കറിവിലയിലെ കുതിച്ചുകയറ്റമാണ് പ്രധാനമായും മൊത്തവില ഉയർത്തിയത്. ഇതോടൊപ്പം ഭക്ഷ്യവിഭവം, അസംസ്കൃത എണ്ണ, പ്രകൃതിവാതകം തുടങ്ങിയവയുടെ വില ഉയർന്നതും കാരണമായി. മേയിൽ 9.82 ശതമാനമായിരുന്ന ഭക്ഷ്യോൽപ്പന്ന മൊത്തവിലക്കയറ്റം ജൂണില്‍ 10.87 ആയാണ് ഉയര്‍ന്നത്.

പച്ചക്കറികളുടെ വിലക്കയറ്റത്തോത് 32.42ല്‍നിന്ന്‌ 38.76 ശതമാനമായി. ഒരുമാസംകൊണ്ട് 6.34 ശതമാനം വര്‍ധിച്ചു. ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും വില കുതിച്ചുകയറി. ഉരുളക്കിഴങ്ങിന്റെ മൊത്തവിലക്കയറ്റ തോത് 66.37 ശതമാനവും ഉള്ളിയുടേത് 93.35 ശതമാനവുമായി. പഴങ്ങളുടെ മൊത്തവിലക്കയറ്റം 5.81ല്‍നിന്ന്‌ 10.14 ശതമാനമായി.

കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം വെള്ളിയാഴ്‌ച പുറത്തുവിട്ട കണക്കില്‍ ജൂണിലെ ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം (സിപിഐ) നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.08 ശതമാനത്തിലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top