കൊച്ചി
നവംബറിലെ ഉപഭോക്തൃവില സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റനിരക്ക് പുറത്തുവന്നപ്പോൾ രാജ്യത്ത് ഭക്ഷ്യോൽപ്പന്ന വില ഉയർന്നുതന്നെ നിൽക്കുന്നു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം നവംബറിൽ ഭക്ഷ്യവിലക്കയറ്റം 9.04 ശതമാനമാണ്. ഒക്ടോബറിൽ 10.87 ശതമാനമായിരുന്നു. പച്ചക്കറി, പഴം, എണ്ണ, കൊഴുപ്പ് എന്നിവയുടെ ഉയർന്ന വിലയാണ് പ്രധാനമായും വിലക്കയറ്റത്തോത് ഉയരാൻ കാരണം. ഗ്രാമീണമേഖലയിൽ ഭക്ഷ്യവിലക്കയറ്റം 9.10 ശതമാനവും നഗരമേഖലയിൽ 8.74 ശതമാനവുമായി.
പച്ചക്കറി വിലക്കയറ്റനിരക്ക് മുൻമാസത്തിൽനിന്ന് കുറഞ്ഞെങ്കിലും നവംബറിലും 29.33 ശതമാനം എന്ന രണ്ടക്കനിരക്കിൽ തുടർന്നു. പാർപ്പിടമേഖലയിലെ വിലക്കയറ്റം ഒക്ടോബറിലെ 2.81 ശതമാനത്തിൽനിന്ന് 2.87 ശതമാനമായി. രാജ്യത്തെ ആകെ ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റനിരക്കിൽ നേരിയ കുറവുണ്ട്. വിലക്കയറ്റനിരക്ക് ഒക്ടോബറിൽ 6.21 ശതമാനമായിരുന്നത് നവംബറിൽ 5.48 ആയി.
ചില്ലറ വിലക്കയറ്റം നാലുശതമാനമാകണമെന്നാണ് റിസർവ് ബാങ്ക് ആഗ്രഹിക്കുന്നത്. വിലകൾ ഉയർന്നുനിൽക്കുന്നതിനാൽ 11 തവണയായി അടിസ്ഥാന പലിശനിരക്കിൽ മാറ്റമില്ലാതെയാണ് പണനയം പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധിക്കുശേഷം റിസർവ് ബാങ്ക് ആറുതവണ പലിശനിരക്ക് കൂട്ടി. വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ ഇല്ലാത്തതും ഉയർന്ന ഇന്ധനവില ഗതാഗതച്ചെലവ് കൂട്ടിയതുമാണ് ഭക്ഷ്യോൽപ്പന്ന വില ഉയർത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..