തിരുവനന്തപുരം
നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടെയും വില രാജ്യത്ത് കുതിച്ചുയരുമ്പോഴും സംസ്ഥാനത്ത് വിലക്കയറ്റം ഒരുപരിധിവരെ പിടിച്ചുനിർത്താൻ കഴിയുന്നത് സർക്കാരിന്റെ കൃത്യമായ വിപണി ഇടപെടലിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തരിക്കണ്ടത്ത് സപ്ലൈക്കോ ക്രിസ്‌മസ് ന്യൂഇയർ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാർ ഇടപെടലിൽ സപ്ലൈകോയും കൺസ്യൂമർഫെഡുമുണ്ട്. ഒപ്പം പ്രാഥമിക സഹകരണ സംഘങ്ങളും. കേരളം ഭക്ഷ്യോൽപ്പാദന രംഗത്ത് നല്ല രീതിയിൽ മുന്നേറുന്ന കാലഘട്ടമാണിത്. നെല്ലിന്റെ കാര്യത്തിൽ ഉൽപ്പാദനക്ഷമത നല്ലതുപോലെ വർധിപ്പിക്കാനായി. നാളികേരത്തിന്റെയും ഉൽപ്പാദനക്ഷമത വർധിക്കുകയാണ്. കാർഷികോൽപ്പന്നങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്–- മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ആറുലക്ഷത്തോളമുള്ള മഞ്ഞ റേഷൻകാർഡ് ഉടമകൾക്ക് പഞ്ചസാര സബ്സിഡി നിരക്കിൽ ലഭ്യമാക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. പുതുവർഷത്തിൽ 45 രൂപയിലധികം വരുന്ന ഒരുകിലോ പഞ്ചസാര 27 രൂപയ്‌ക്ക് ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയായെന്ന് അദ്ദേഹം പറഞ്ഞു. ആന്റണി രാജു എംഎൽഎ, സപ്ലൈകോ എംഡി പി ബി നൂഹ്, സിവിൽ സപ്ലൈസ് കമീഷണർ മുകുന്ദ് ഠാക്കൂർ, ഡെപ്യൂട്ടി മേയർ പി കെ രാജു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..