തിരുവനന്തപുരം> വൈദ്യുതി ഉൽപാദനം സ്വകാര്യമേഖലയ്‌ക്ക് കൈമാറിയും പുറത്തുനിന്ന് വാങ്ങി എത്തിക്കേണ്ടിവരുന്നതിന്റെ ചെലവ് വർധിപ്പിച്ചുമുള്ള കേന്ദ്രസർക്കാർ നയം കേരളത്തിനും തിരിച്ചടി. വൈദ്യുതി ഉൽപാദനം സ്വകാര്യ കമ്പനികളെ ഏൽപിച്ച് കേന്ദ്രസർക്കാർ മാറിനിൽക്കുന്നതിന്റെ കെടുതിയാണ് കേരളം അനുഭവിക്കുന്നത്.
സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായിട്ടും ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താതെയാണ് കേരളം മുന്നോട്ടുപോകുന്നത്. വാർഷിക വൈദ്യുതി ഉപയോഗം മൂവായിരം കോടി യൂണിറ്റിലും അധികമാണ്. ആഭ്യന്തര ഉൽപാദനമാകട്ടെ 800 കോടി യൂണിറ്റോളവും. 2,200 കോടി യൂണിറ്റോളം ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് വൈദ്യുതി വാങ്ങുന്നത്. ഇത് എത്തിക്കാനുള്ള അന്തർസംസ്ഥാന പ്രസരണ ലൈനുകളുടെ നിർമാണം കേന്ദ്രം സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചതിനാൽ വർഷം 650 കോടി രൂപയുടെ അധികച്ചെലവുണ്ടായി. 2022-–-23 ൽ വൈദ്യുതിവാങ്ങൽച്ചെലവ് 11,240 കോടിയായിരുന്നത് 2023-–-24ൽ 13,419 കോടിയായി.
വൈദ്യുതി ഉൽപാദനത്തിന് നിശ്ചിത ശതമാനം ഇറക്കുമതിചെയ്ത കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്രനിബന്ധനയും തിരിച്ചടിയാണ്. രാജ്യത്ത് അടുത്ത 200 വർഷത്തേക്കുള്ള കൽക്കരി നിക്ഷേപമുണ്ടെങ്കിലും ആവശ്യാനുസരണം ഉൽപാദിപ്പിക്കുകയോ നിലയങ്ങളിലേക്ക് വിതരണംചെയ്യുന്നതോ ഇല്ല. കൽക്കരിയും അദാനി, റിലയൻസ്, ടാറ്റ തുടങ്ങിയ ബഹുരാഷ്‌ട്ര ഭീമന്മാരുടെ നിയന്ത്രണത്തിലാണ്. കമ്പോളവില ഉയർത്താൻ കൃത്രിമക്ഷാമം സൃഷ്ടിക്കുകയാണ് കമ്പനികൾ.
യുഡിഎഫ് അധികാരമൊഴിയുമ്പോൾ 1083 കോടി മാത്രമാണ് കെഎസ്‌ഇബിയുടെ കടം എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം വസ്‌തുതാവിരുദ്ധമാണ്. 2011 ൽ എൽഡിഎഫ് അധികാരമൊഴിയുമ്പോൾ ബാധ്യത 1150 കോടി മാത്രമായിരുന്നു. 2016 ൽ യുഡിഎഫ് അധികാരമൊഴിയുമ്പോൾ 5400 കോടിയായി. എട്ടുവർഷത്തെ എൽഡിഎഫ് ഭരണത്തിൽ വൈദ്യുതി മേഖലയിൽ സമ്പൂർണ വൈദ്യുതീകരണം ഉൾപ്പെടെ 16,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. ഊർജപ്രസരണനഷ്ടം ഒഴിവാക്കാൻ കൂടുതൽ സബ്‌സ്‌റ്റേഷനുകൾ സ്ഥാപിച്ചും ഉൾവനങ്ങളിൽ കഴിയുന്ന ഗോത്രവിഭാഗത്തിനുൾപ്പെടെ വെളിച്ചമെത്തിച്ചും വൻ മുന്നേറ്റമുണ്ടാക്കി. പവർകട്ടില്ലാത്ത സംസ്ഥാനവുമാണ് കേരളം. എന്നിട്ടും കെസ്‌ഇബിയുടെ ബാധ്യത 10,800 കോടിമാത്രമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..