കൊച്ചി
പ്രമുഖ സാമ്പത്തികശാസ്‌ത്രജ്ഞനും അധ്യാപകനുമായിരുന്ന പ്രൊഫ. സി ടി കുര്യൻ (94) അന്തരിച്ചു. വാർധക്യസഹജ അസുഖങ്ങളെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷനിൽ ചികിത്സയിലായിരുന്നു. രാത്രി പതിനൊന്നോടെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. പത്തനംതിട്ട ഇലവുംതിട്ട നല്ലാനിക്കുന്ന് വടക്കുംകര പുത്തൻപുരയിൽ പരേതരായ റവ. വി പി തോമസ് കുര്യന്റെയും അന്നമ്മ കുര്യന്റെയും മകനാണ്. 1962ൽ മദ്രാസ് ക്രിസ്‌ത്യൻ കോളേജിൽ പ്രൊഫസറായി ചേർന്ന അദ്ദേഹം പിന്നീട് ധനശാസ്‌ത്രവിഭാഗം തലവനായി. യുജിസി നാഷണൽ ഫെലോ, മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് (എംഐഡിഎസ്) ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചു.
കേരള സംസ്ഥാന ആസൂത്രണ ബോർഡ് ഉപദേശകസമിതിയിലും ഇന്ത്യൻ ആസൂത്രണ കമീഷൻ ധനശാസ്‌ത്രജ്ഞരുടെ പാനലിലും റിസർവ് ബാങ്ക് രൂപീകരിച്ച പാനലിലും അംഗമായിരുന്നു. 2002ൽ ഇന്ത്യൻ ധനശാസ്‌ത്ര അസോസിയേഷൻ പ്രസിഡന്റായി.
മൂന്നുവർഷമായി ഭാര്യ സൂസി കുര്യനൊപ്പം (തിരുവല്ല കുറുന്തോട്ടിക്കൽ കുടുംബാംഗം, റിട്ട. അധ്യാപിക) പുത്തൻകുരിശ് ഐറിൻ ഹോംസിലായിരുന്നു താമസം. മക്കൾ: പ്രൊഫ. പ്രേമ (സെർക്യൂസ് സർവകലാശാല, യുഎസ്എ), പ്രിയ (ഐബിഎം, യുകെ). മരുമക്കൾ: പ്രൊഫ. കോഫി ബെനിഫോ (യുഎസ്‌എ), വാസ് റഹ്‌മാൻ (ഐടി വിദഗ്‌ധൻ, യുകെ). സഹോദരങ്ങൾ: ഡോ. എബ്രാഹം കുര്യൻ (യുഎസ്എ), ബിജി കെ കുര്യൻ (ബെർജർ പെയിന്റ്സ് മുൻ എംഡി), ഡോ. ജോൺ കെ കുര്യൻ (റിട്ട. പ്രൊഫസർ, സെന്റർ ഫോർ സ്റ്റഡീസ്, തിരുവനന്തപുരം), ശാന്തി ചെറിയാൻ (പുതുച്ചേരി), പരേതയായ അമ്മിണി ജേക്കബ് (മാവേലിക്കര).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..