24 November Sunday

പുരോഗമന കലാസാഹിത്യസംഘം 
സമ്മേളനത്തിന്‌ ഉജ്വല തുടക്കം

പ്രത്യേക ലേഖകൻUpdated: Tuesday Aug 27, 2024


കണ്ണൂർ
വിദ്വേഷത്തിനും വിഭാഗീയതയ്‌ക്കുമെതിരെ ജനകീയ സാംസ്കാരിക പ്രതിരോധത്തിന്‌ ആഹ്വാനംചെയ്‌ത്‌ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്‌ പ്രൗഢോജ്വല തുടക്കം. കണ്ണൂർ  ഇ കെ നായനാർ അക്കാദമിയിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്‌തു. 650 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്‌. പ്രസിഡന്റ്‌ ഷാജി എൻ കരുൺ അധ്യക്ഷനായി. തമിഴ്‌നാട്‌ മുർപോക്ക്‌ എഴുത്താളർ കലൈഞ്ജർകൾ സംഘം ജനറൽ സെക്രട്ടറി ആദവൻ ദീക്ഷണ്യ, കെ ഇ എൻ കുഞ്ഞഹമ്മദ്‌, സുനിൽ പി ഇളയിടം എന്നിവർ സംസാരിച്ചു. പി എൻ സരസമ്മ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ കെ വി സുമേഷ്‌ എംഎൽഎ സ്വാഗതവും കൺവീനർ നാരായണൻ കാവുമ്പായി നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ നയരേഖയും കരിവെള്ളൂർ മുരളി നിയമാവലിയും സംഘടനാ സെക്രട്ടറി എം കെ മനോഹരൻ പ്രവർത്തന റിപ്പോർട്ടും ടി ആർ അജയൻ കണക്കും അവതരിപ്പിച്ചു. ഗ്രൂപ്പ്ചർച്ചയ്‌ക്കുശേഷം പൊതുചർച്ച നടന്നു.

ബുധനാഴ്‌ച പൊതുചർച്ചയ്‌ക്ക്‌ മറുപടി,  ക്രഡൻഷ്യൽ റിപ്പോർട്ട്‌, ഭാവിരൂപരേഖ, കമ്മിറ്റി രൂപീകരണം എന്നിവ നടക്കും. പതാക ഉയർത്തലിനോടനുബന്ധിച്ച്‌ ഗായകൻ അലോഷി വൈലോപ്പിള്ളിക്കവിത ആലപിച്ചു. കരിവെള്ളൂർ കൊഴുമ്മൽ മാക്കീൽ മുണ്ട്യക്കാവ്‌ പൂരക്കളി യൂണിറ്റിന്റെ പൂരക്കളിയും അരങ്ങേറി. കലാ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്ക്‌ ടി പത്മനാഭൻ, എം മുകുന്ദൻ എന്നിവർ സമ്മാനം നൽകി.

സർക്കാരിന്റെ തിരുത്തൽ 
നടപടികൾക്ക്‌ പിന്തുണ
സിനിമയിലെ  തിരുത്തൽ നടപടികൾക്കായുള്ള എൽഡിഎഫ്‌ സർക്കാരിന്റെ ശ്രമങ്ങൾക്ക്‌ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന  സമ്മേളനത്തിന്റെ പിന്തുണ. സർക്കാർ നടപടികൊണ്ടുമാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. വ്യവസായം കൃത്യമായ പരിശോധന നടത്തി സിനിമയെ മനുഷ്യർക്ക് പ്രവർത്തിക്കാവുന്ന കലാമാധ്യമമേഖലയാക്കി നവീകരിക്കേണ്ടതുണ്ടെന്നും പ്രമേയം പറഞ്ഞു.

വിമൻ ഇൻ സിനിമാ കലക്റ്റീവിന്റെ ലക്ഷ്യബോധത്തോടെയുള്ള ഇടപെടലിനെത്തുടർന്നാണ്  സർക്കാർ ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി രൂപീകരിച്ചത്. തൊഴിൽനഷ്ടവും മറ്റും സഹിച്ച് പൊരുതിക്കൊണ്ടിരിക്കുന്ന സിനിമയിലെ വനിതകൾക്കും ഡബ്ല്യുസിസിക്കും പുരോഗമന കലാസാഹിത്യ സംഘം അഭിവാദ്യമർപ്പിക്കുന്നു.    ഉദ്‌ഘാടനവേദിയിൽ എം എസ്‌ ദേവദാസിന്റെ ‘മാർക്‌സിസ്‌റ്റ്‌ ദർശനം’ പുസ്‌തകം പി കെ ശ്രീമതി, എ ജി ഒലീനയ്‌ക്ക്‌ നൽകി പ്രകാശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top