തൃശൂർ> അരമണി കുലുക്കി മേളത്തിനൊത്ത് ചുവടുവച്ച് നിറച്ചാർത്തായി പട്ടണത്തിൽ പുലികളിറങ്ങി. ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് തൃശൂരിൽ പുലികളി. നിറങ്ങൾ പൂശി കുട്ടിപുലികളും രംഗത്തുണ്ട്. മലയാളിക്ക് ഓണം പോലെ തൃശൂരുകാർക്ക് പ്രധാനമാണ് പുലികളി. താളമേളങ്ങളുടെ ആരവത്തോടെ ചുവടുവെച്ച് ഏഴു ടീമാണ് പുലിക്കളിക്കുള്ളത്. ഓരോ ടീമിലും 31 മുതല്‍ 51 വരെ പുലികളാണുള്ളത്. പുലിക്കളിയുടെ ഭാഗമായി രാവിലെ മുതൽ സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വൈകിട്ട് അഞ്ചു മണിക്കാണ് പുലിക്കളിയുടെ ഫ്ലാഗ് ഓഫ്.
പട്ടാളക്യാമ്പിൽ തുടങ്ങിയ പൈതൃകം
നൂറ്റാണ്ടിന്റെ പഴക്കമുള്ള പുലികളിക്ക് ഇന്നത്തെ വേഷവിധാനങ്ങളും നിശ്ചലദൃശ്യങ്ങളും കൈവന്നിട്ട് അഞ്ച് പതിറ്റാണ്ടോളമായി. പണ്ട് തൃശൂർ പട്ടാളം റോഡിനടുത്തുണ്ടായിരുന്ന പട്ടാള ക്യാമ്പിൽനിന്നാണ് പുലികളിയുടെ ഉത്ഭവം. മൂന്ന് ചുവടായിട്ടാണ് കളി. വലത്തെ കൈയും ഇടത്തെ കാലുമാണ് ആദ്യം മുന്നിലേക്ക് വെയ്‌ക്കുക. തൊട്ടടുത്ത നിമിഷം ഇടത്തെ കൈയും വലത്തെ കാലും വച്ച് കളിക്കുന്നു. അരയിലെ മണികൾ കുലുങ്ങുകയും ചെണ്ടമേളവും താളമൊപ്പിച്ചുള്ള ചുവടുവയ്‌പ്പും കൂടിയാകുമ്പോൾ പുലികളി നയനാനന്ദകരമാകും. താളം മുറുകുമ്പോൾ ആവേശത്താൽ കാണികളും പുലിക്കൂട്ടത്തിലിറങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..