21 December Saturday

പുനർഗേഹം ; 1,112 ഫ്ലാറ്റ് ഉയരുന്നു , ഇതുവരെ 
നൽകിയത്‌ 
390 ഫ്ലാറ്റ്‌

സുനീഷ്‌ ജോUpdated: Tuesday Oct 1, 2024

മത്സ്യത്തൊഴിലാളികൾക്കായി പുനർഗേഹം പദ്ധതിയിൽ മുട്ടത്തറയിൽ പൂർത്തിയാകുന്ന ഫ്ലാറ്റ് സമുച്ചയം


തിരുവനന്തപുരം
മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പുനർഗേഹം പദ്ധതി വഴി സംസ്ഥാന സർക്കാർ നിർമിക്കുന്ന 1,112 ഫ്ലാറ്റുകളുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. കൂടുതൽ ഫ്ലാറ്റുകൾ തിരുവനന്തപുരം ജില്ലയിലാണ്‌, 568 എണ്ണം. മുട്ടത്തറയിൽ 400ഉം കടകംപള്ളിയിൽ 168ഉം ഫ്ലാറ്റാണ്‌ നിർമിക്കുന്നത്‌. ഘട്ടംഘട്ടമായി നിർമാണം പൂർത്തിയാക്കുന്ന ഫ്ലാറ്റുകൾ ഗുണഭോക്താക്കളെ കണ്ടെത്തി കൈമാറുന്നത്‌ കലക്ടർ അധ്യക്ഷനായ സമിതിയാണ്‌.

ഇതിനകം 390 ഫ്ലാറ്റുകൾ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ കൈമാറി. തിരുവനന്തപുരം കാരോട്‌ 128, ബീമാപ്പള്ളിയിൽ 20, മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ 128, കൊല്ലം ജില്ലയിൽ ക്യുഎസ്‌എസ്‌ കോളനിയിൽ 114 എന്നിങ്ങനെയാണ്‌  ഗുണഭോക്താക്കളെ കണ്ടെത്തി കൈമാറിയ ഫ്ലാറ്റുകളുടെ എണ്ണം. തീരദേശ വേലിയേറ്റരേഖയിൽനിന്ന്‌ 50 മീറ്റർ പരിധിയിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയിൽ പുരധിവസിപ്പിക്കാനാണ്‌ 2019ലാണ്‌ പുനർഗേഹം പദ്ധതി ആവിഷ്കരിച്ചത്‌.

ഫിഷറീസ്‌ വകുപ്പ്‌ 2018ൽ നടത്തിയ സർവേയിൽ 21,913 കുടുംബങ്ങൾ വേലിയേറ്റരേഖയിൽനിന്ന്‌ 50 മീറ്ററിനുള്ളിൽ താമസിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ 8,845 കുടുംബങ്ങളാണ്‌ പുനർഗേഹം പദ്ധതിപ്രകാരം മാറി താമസിക്കാൻ തയ്യാറായത്‌. 4,334 കുടുംബങ്ങൾ ഭൂമി കണ്ടെത്തി അംഗീകാരം നേടി. ഇതിൽ 3,740 കുടുംബങ്ങൾ ഭൂമി രജിസ്റ്റർ ചെയ്തു. 2361 കുടുംബങ്ങൾ വീടിന്റെ നിർമാണം പൂർത്തിയാക്കി. 744 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. സ്ഥലംവാങ്ങി വീടുവയ്‌ക്കാൻ 10 ലക്ഷംരൂപയാണ്‌ പുനർഗേഹം പദ്ധതിയിലൂടെ നൽകുന്നത്‌.

പ്രതീക്ഷയായി 
പുതിയ നിയമം
സംസ്ഥാന സർക്കാർ തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിന്‌ കേന്ദ്രസർക്കാർ അംഗീകാരം നൽകിയതോടെ കൂടുതൽ കുടുംബങ്ങൾക്ക്‌ പുനർഗേഹം പദ്ധതി പ്രയോജനപ്പെടും. 66 പഞ്ചായത്തുകളിൽ വേലിയേറ്റ രേഖയിൽനിന്ന്‌ 50 മീറ്റർവിട്ട്‌ വീട്‌ നിർമിക്കാം. നേരത്തെ  200 മീറ്റർ മാറിയാണ്‌ നിർമാണം അനുവദിച്ചിരുന്നത്‌. 2019ലെ തീരദേശപരിപാലന നിയമം നടപ്പാകുന്നതോടെ നിർമാണത്തിനുള്ള ഭൂമി ലഭ്യതയും വർധിക്കും.  


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top