കോഴിക്കോട് > മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണഭാവങ്ങളെ ശിലാലിഖിതങ്ങളെന്നോണം മലയാളി മനസില്‍ കൊത്തിവച്ച പ്രിയഎഴുത്തുകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 7.40നായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു.
മൃതദേഹം മകള്‍ നാസിമയുടെ ചേവരമ്പലത്തെ വീട്ടിലേക്ക് എത്തിച്ചു. ഉച്ചയ്ക്കുശേഷം കോഴിക്കോട്, വടകര ടൌണ്‍ഹാളുകളിലും മടപ്പള്ളി സ്കൂളിലും പൊതുദര്‍ശനത്തിന്വച്ചു. വൈകിട്ട് ഒഞ്ചിയം കാരക്കാട് ജുമാമസ്ജിദ് കബറിസ്ഥാനില്‍ മാതാപിതാക്കളുടെ കബറിടങ്ങള്‍ക്കടുത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി.
അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് സ്വകാര്യആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും കൂടെയുണ്ടായിരുന്നു. മറ്റുമക്കള്‍: ആസാദ് അബ്ദുള്ള (ഇലക്ട്രോണിക്സ് എന്‍ജിനിയര്‍ ദുബായ്), നവാബ് അബ്ദുള്ള (മെഡിക്കല്‍ വിദ്യാര്‍ഥി, ബംഗളൂരു). മരുമക്കള്‍: ജലീല്‍, ഷാലി, ബിന്ദു. സഹോദരങ്ങള്‍: ഹുസൈന്‍, ആയിഷ, പരേതരായ അബ്ദുള്‍ റസാഖ്, അബ്ദുള്‍ സത്താര്‍.
രചനയിലും പ്രമേയസ്വീകരണത്തിലും നവഭാവുകത്വം നിറച്ചതാണ് മലയാള സാഹിത്യത്തില്‍ പുനത്തിലിന്റെ സ്ഥാനം. ആധുനികതയോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും എഴുത്തിലൂടെ അപ്രിയ സത്യങ്ങള്‍ ധൈര്യപൂര്‍വം വിളിച്ചുപറഞ്ഞത് വായനക്കാരുടെ പ്രിയപ്പെട്ട കഥാകാരനാക്കി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും രണ്ട് തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടി. 2010ല്‍ സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. മറ്റ് നിരവധി അവാര്‍ഡുകളും നേടി.
ബാലപംക്തികളിലൂടെ എഴുതിത്തുടങ്ങി. 35-ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. സ്മാരകശിലകള്‍, മരുന്ന്, കന്യാവനങ്ങള്‍, ഖലീഫ, പരലോകം എന്നിവയാണ് പ്രധാന നോവലുകള്‍. നഷ്ടജാതകം എന്ന ആത്മകഥയും രചിച്ചു.
പുനത്തില്‍ തറവാട്ടില്‍ സി കെ മമ്മുവിന്റെയും സൈനയുടെയും മകനായി 1940 ഏപ്രിലില്‍ വടകരയിലെ ഒഞ്ചിയം കാരക്കാടാണ് ജനനം. കാരക്കാട് മാപ്പിള എല്‍പി സ്കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി. മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കല്‍ സ്കൂളിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. തലശേരി ബ്രണ്ണന്‍ കോളേജില്‍ പ്രീ യൂണിവേഴ്സിറ്റിയും മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ബിഎസ്സിയും പൂര്‍ത്തിയാക്കി. അലിഗഡ് മുസ്ളിം സര്‍വകലാശാലയില്‍നിന്ന് എംബിബിഎസ് ബിരുദം നേടിയ കുഞ്ഞബ്ദുള്ള കുറച്ചുകാലം വിദേശത്തും പിന്നെ നാട്ടിലും ഡോക്ടറായി സേവനമനുഷ്ഠിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..