04 November Monday

പുഞ്ചിരിക്കട്ടെ പുന്നമടപ്പാലം; നൂറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് പരിഹാരമാകും

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

വെള്ളിയാഴ്ച നിർമാണം ആരംഭിക്കുന്ന പുന്നമടപ്പാലത്തിന്റെ രൂപരേഖ

ആലപ്പുഴ> പുന്നമട, നെഹ്റുട്രോഫി വാർഡുകളിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായ പുന്നമടപ്പാലം യാഥാർഥ്യമാകുന്നു. നൂറ്റാണ്ടുകളുടെ ദുരിതത്തിന്‌ പരിഹാരമാകും. ടൂറിസം മേഖലയ്‌ക്കും പാലം ഉണർവേകും. 65.62 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ നിർമാണം വെള്ളി വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യുമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 
ആലപ്പുഴ നഗരത്തിന്റെ ഭാഗമെങ്കിലും പുന്നമടയാറിന്റെ അക്കരെ നെഹ്റുട്രോഫി വാർഡ് വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്താണ്.  വള്ളങ്ങളെ ആശ്രയിക്കേണ്ടിവന്ന തലമുറകളുടെ ദുരിതത്തിനാണ്  അറുതിയാകുന്നത്. കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് നിവാസികളുടെ യാത്രാക്ലേശത്തിനും പരിഹാരമാകും. 
 
2018–19 കാലയളവിൽ ആലപ്പുഴ എംഎൽഎ ആയിരുന്ന ഡോ. ടി എം തോമസ് ഐസക്കാണ് കിഫ്ബി ഫണ്ടിൽപ്പെടുത്തി പുന്നമടപ്പാലം നിർമിക്കാൻ നടപടി സ്വീകരിച്ചത്. അപ്രോച്ച് റോഡും ഭൂമി ഏറ്റെടുക്കലുമെല്ലാം തടസമായി. പി പി ചിത്തരഞ്ജൻ എംഎൽഎ ഇടപെട്ട്‌ തടസമെല്ലാം പരിഹരിച്ചു. 7.98 കോടി രൂപയാണ് ഭൂമി ഏറ്റെടുത്തതിന് വിലനൽകിയത്. 18 മാസം കൊണ്ട് പാലം നിർമാണം പൂർത്തിയാക്കാനാണ് ശ്രമം.
 
ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിയാണ്‌ നിർമാണം. പുന്നമടക്കായലിലൂടെ ജലയാനങ്ങളുടെ യാത്രയ്‌ക്ക്‌ തടസമാകാത്ത നിലയിലാണ് നിർമാണം. 384.1 മീറ്റർ നീളമാണ് പാലത്തിന്. 12 മീറ്റർ നീളമുള്ള 25 സ്‌പാനുകളുണ്ട്. 72.05 മീറ്ററിന്റെ ബോസ്ട്രിങ്‌ ആർച്ച് മാതൃകയിലാണ് സ്‌പാനുകൾ. 110 മീറ്റർ അപ്രോച്ച് റോഡ് ഇരുകരകളിലുമായുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top