20 September Friday

പുന്നമട-നെഹ്റു ട്രോഫി പാലം നിർമാണത്തിന് തുടക്കമാകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ആലപ്പുഴ > കുട്ടനാടിന്റെ ടൂറിസം സാധ്യതകൾക്ക് പുതിയ മാനം നൽകുന്ന പുന്നമട-നെഹ്റു ട്രോഫി പാലം നിർമാണത്തിന് തുടക്കമാകുന്നു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വെള്ളിയാഴ്ച പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കും. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട വാർഡിനെയും നെഹ്റു ടോഫി വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം പ്രദേശവാസികളുടെ സ്വപ്ന പദ്ധതിയാണ്.

2016-17 വർഷത്തെ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി 25 കോടി രൂപ ഭരണാനുമതി ലഭിച്ചതോടെയാണ് പാലം നിർമാണത്തിന് വഴി തെളിയുന്നത്. നെഹ്റു ട്രോഫി മുനിസിപ്പൽ വാർഡ് നിവാസികളുടെയും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് പ്രദേശവാസികളുടെയും യാത്ര ദുരിതം ഇല്ലാതാക്കുവാനും ഈ പ്രദേശങ്ങളിലെ ടൂറിസം വികസനവും ഈ പദ്ധതി ലക്ഷ്യമിടുന്നു. തണ്ണീർമുക്കം ആലപ്പുഴ റോഡിൽ നിന്നും ആലപ്പുഴ ടൗണിൽ കയറാതെ എ സി റോഡിൽ എത്താനും ആലപ്പുഴ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വിഭാവനം ചെയ്തിരിക്കുന്ന പള്ളാത്തുരുത്തി കിഴക്കൻ ബൈപ്പാസിന്റെ അലൈന്മെന്റിൽ ഉൾപ്പെടുന്നതാണ് പുന്നമടപാലം.

ചിറകുവിരിക്കുന്ന ടൂറിസം സ്വപ്നങ്ങൾ

പുന്നമട കായലിലൂടെയുള്ള ഹൗസ് ബോട്ട് ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ഇൻ ലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പാലിച്ചു കൊണ്ടാണ് പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്. 384.1 മീറ്റർ നീളമുള്ള പ്രസ്തുത പാലത്തിനു 12 മീറ്റർ നീളമുള്ള 25 സ്പാനുകളും 72.05 മീറ്ററിന്റെ ബോ സ്ട്രിംഗ് ആർച്ച് മാതൃകയിലുള്ള ജല ഗതാഗത സ്പാനും ആണുള്ളത്. കൂടാതെ ഇരു കരകളിലുമായി 110 മീറ്റർ അപ്രോച്ച് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിക്കായി 25 കോടി രൂപയുടെ ഭരണാനുമതി  ലഭിച്ചതിനെ തുടർന്ന് മണ്ണ് പരിശോധന, സർവ്വേ എന്നിവയ്ക്ക് ശേഷം കിഫബിയിലേക്ക് ഡിപിആർ തയ്യാറാക്കി സമർപ്പിച്ചു. 2018ൽ  44.80 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭ്യമായി. തുടർന്ന് സ്ഥലം ഏറ്റെടുപ്പ് നടപടികൾ ആരംഭിച്ചു. പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം റവന്യൂ വകുപ്പിൽ നിന്ന് 2023 ഓഗസ്ററിൽ കെആർഎഫ്ബിക്കു കൈമാറി. 7.99 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തത്. പിന്നീട് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിക്കുകയും 57.40 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ലഭ്യമാവുകയും ചെയ്തു. യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി കെഎസ്ഇബി 22.14 ലക്ഷം രൂപയും കേരള വാട്ടർ അതോറിറ്റി 27 ലക്ഷം രൂപയും അതാത് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top