28 October Monday

ജ്വലിച്ചുയർന്ന്‌ വീരവയലാർ ; ഹൃദയംകൊണ്ട്‌ നമിച്ച്‌ ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

പുന്നപ്ര–വയലാർ വാരാചരണത്തിന് സമാപനം കുറിച്ച് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള ദീപശിഖ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എം സി സിദ്ധാർഥൻ ഏറ്റുവാങ്ങി സ്ഥാപിക്കുന്നു


വയലാർ
മരണത്തെ കൂസാതെ നിറതോക്കിനെ നേരിട്ട്‌ ചരിത്രം ചുവപ്പിച്ച വീരചരിതത്തെ ഹൃദയംകൊണ്ട്‌ നമിച്ച്‌ ആയിരങ്ങൾ വീരവയലാറിന്റെ സ്‌മരണ പുതുക്കി. തോക്കിനേക്കാൾ മൂർച്ചയേറിയ മുദ്രാവാക്യങ്ങൾ ഹൃദയത്തിലുറച്ച സമരധീരരുടെ വീറുറ്റ പോരാട്ട സ്‌മരണയിൽ വയലാർ ജ്വലിച്ചു. രക്തസാക്ഷി ഗ്രാമങ്ങളിൽനിന്ന്‌ ചോരച്ചുവപ്പാർന്ന വിപ്ലവക്കൊടിയേന്തി ആവേശഭരിതരായെത്തിയ ചെറുപ്രകടനങ്ങൾ വയലാർ ബലിനിലത്തെ ത്രസിപ്പിച്ചു. വാരിക്കുന്തമേന്തി മുന്നേറുന്ന സമരഭടന്റെ പോരാട്ടവീര്യമേറുന്ന ശിൽപ്പത്താൽ പ്രചോദിതമായ ബലികുടീരം വലംവച്ച്‌ മുദ്രാവാക്യംമുഴക്കുന്ന പിന്മുറക്കാർ വികാരനിർഭരമായ അനുഭവമായി. വയലാർ ദിനത്തോടെ 78–-ാമത്‌ പുന്നപ്ര–-വയലാർ വാരാചരണത്തിന്‌ സമാപനമായി.

വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖ ആലപ്പുഴവലിയചുടുകാട്‌, മേനാശേരി എന്നിവിടങ്ങളിലെ രക്തസാക്ഷി മണ്ഡപങ്ങളിൽനിന്ന്‌ എത്തിച്ചു. വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന സിപിഐ എം നേതാവ്‌ ജി സുധാകരൻ ദീപശിഖ അത്‌ലീറ്റ്‌ അനീഷ്‌ കുര്യന്‌ കൈമാറി. മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ കെ വി ദേവദാസ്‌ അത്‌ലീറ്റ്‌ കെ എസ്‌ നജീബിന്‌ കൈമാറി. രക്തസാക്ഷി കുടീരങ്ങളും തൊഴിലാളികേന്ദ്രങ്ങളും കടന്ന്‌ പാതയോരങ്ങളിലെ ഊർജദായക മുദ്രാവാക്യങ്ങളും ഏറ്റുവാങ്ങി വയലാറിലെത്തി. കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എം സി സിദ്ധാർഥൻ ദീപശിഖകൾ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, പി പി ചിത്തരഞ്ജൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, മന്ത്രി പി പ്രസാദ്‌ എന്നിവർ നേതൃത്വം നൽകി.

തുടർന്ന്‌ ആലപ്പി രമണൻ കഥാപ്രസംഗം അവതരിപ്പിച്ചു. വയലാർ രാമവർമ അനുസ്‌മരണ സാഹിത്യ സമ്മേളനത്തിൽ ഡോ. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തി. വൈകിട്ട്‌ നടന്ന സമാപന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, മന്ത്രി പി പ്രസാദ്‌ എന്നിവർ സംസാരിച്ചു. പുന്നപ്ര–-വയലാർ രക്തസാക്ഷികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഡയറക്‌ടറി മുഖ്യമന്ത്രി തിരുത്തലുകൾക്കും കൂട്ടിച്ചേർക്കലുകൾക്കുമായി തുറന്നുകൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്‌, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ വയലാറിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പ്പാർച്ചന നടത്തി. തുടർന്ന്‌ കെപിഎസിയുടെ ഒളിവിലെ ഓർമകൾ നാടകം അരങ്ങേറി.

പോരാട്ടസ്‌മരണ 
ജ്വലിപ്പിച്ച്‌ 
ദീപശിഖാ പ്രയാണം
പുന്നപ്ര–- വയലാർ സമരപോരാട്ടങ്ങളിൽ പൊരുതിവീണ രണധീരരുടെ അമരസ്‌മരണകളിരമ്പിയ ദീപശിഖാ പ്രയാണം നാടിനെ ആവേശത്തിലാക്കി. വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ആയിരങ്ങളുടെ ആവേശം മുറ്റിയ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ മുതിർന്ന സിപിഐ എം നേതാവ് ജി സുധാകരൻ ദീപം പകർന്നു. ഡിവൈഎഫ്‌ഐ ആലപ്പുഴ ബ്ലോക്ക്‌ പ്രസിഡന്റും അത്‌ലറ്റിക്‌സ്‌ മുൻ ജില്ലാ ചാമ്പ്യനുമായ അനീഷ്‌ കുര്യൻ ദീപശിഖ ഏറ്റുവാങ്ങി പ്രയാണമാരംഭിച്ചു. വഴിയോരങ്ങളിൽ പുഷ്‌പങ്ങൾ വർഷിച്ചും പടക്കംപൊട്ടിച്ചും ജനങ്ങൾ അഭിവാദ്യംചെയ്‌തു.

വലിയചുടുകാടിൽ നടന്ന ചടങ്ങിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി എം തോമസ് ഐസക്ക്, സി എസ് സുജാത, മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ്,  സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, എച്ച് സലാം എംഎൽഎ,  കെ രാഘവൻ, ജി ഹരിശങ്കർ, എം സത്യപാലൻ,  കെ പ്രസാദ്‌, വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി പി ചിത്തരഞ്ജൻ എംഎൽഎ, സെക്രട്ടറി പി കെ സദാശിവൻപിള്ള, എം എസ്‌ അരുൺകുമാർ എംഎൽഎ, എ എം ആരിഫ്,  പി വി സത്യനേശൻ, ജി വേണുഗോപാല്‍, പി പി പവനൻ, വി മോഹൻദാസ്, ആർ സുരേഷ്, പി എസ് എം ഹുസൈൻ, ആർ അനിൽകുമാർ, പി ജ്യോതിസ്, പി കെ ബൈജു, കെ കെ ജയമ്മ, വി മോഹൻദാസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈചൂണ്ടിയിൽ ജനാർദനന്റെ രക്തസാക്ഷിമണ്ഡപത്തിലും മാരാരിക്കുളം രക്തസാക്ഷിമണ്ഡപത്തിലും ദീപം പകർന്നശേഷം പ്രയാണം വയലാർ രണഭൂമിയിലെത്തി.
മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള ദീപശിഖ മുതിർന്ന സിപിഐ എം നേതാവ് കെ വി ദേവദാസ് അത്‌ലീറ്റ് കെ എസ് നജീബിന് കൈമാറി. ഇരു കമ്യൂണിസ്റ്റ് പാർടികളുടെയും നേതാക്കളായ സി ബി ചന്ദ്രബാബു, മനു സി പുളിക്കൽ, പി കെ സാബു, എം സി സിദ്ധാർഥൻ, എ എം ആരിഫ്, എൻ പി ഷിബു, പി ഡി ബിജു, ടി എം ഷെറീഫ്, മേനാശേരി വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ, സെക്രട്ടറി ടി കെ രാമനാഥൻ, എസ് പി സുമേഷ്, കെ കെ ദിനേശൻ എന്നിവർ പങ്കെടുത്തു. വാദ്യമേളങ്ങൾ, ദൃശ്യകലാപരിപാടികൾ തുടങ്ങിയവയോടെ വാഹനങ്ങളുടെ അകമ്പടിയിൽ വയലാർ രക്‌തസാക്ഷി മണ്ഡപത്തിലേക്ക്‌.

പാറയിൽ കവല, പത്മാക്ഷി കവല, പൊന്നാംവെളി, പട്ടണക്കാട് ഹൈസ്‌കൂൾ, വയലാർ കവല, മുക്കണ്ണൻ കവല, നാഗംകുളങ്ങര കവല, വയലാർ രാമവർമ മെമ്മോറിയൽ ഹൈസ്‌കൂൾ, കേരളാദിത്യപുരം, പിആർസി എന്നിവിടങ്ങളിലെ ആവേശോജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തി. കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ ദീപശിഖ ഏറ്റുവാങ്ങി സ്ഥാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top