അമ്പലപ്പുഴ
ചെങ്കൊടികളേന്തി മുദ്രാവാക്യംവിളികളുടെ അകമ്പടിയിൽ നാടൊന്നായി സമരഭൂമിലേക്ക് ഒഴുകിയെത്തി. സർ സിപിയുടെ ചോറ്റു പട്ടാളത്തെ അലകായുധംകൊണ്ട് നേരിട്ട് ധീരരക്തസാക്ഷിത്വം വരിച്ച സമരസഖാക്കളുടെ സ്‌മരണയിൽ പുന്നപ്ര സമരഭൂമിയിലെ മണ്ഡപത്തിനുമുന്നിൽ ആയിരങ്ങൾ പുഷ്പാർച്ചന നടത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, വി എസ് അച്യുതാനന്ദനുവേണ്ടി മകൻ വി എ അരുൺകുമാർ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ മന്ത്രി സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, മുൻ മന്ത്രി ജി സുധാകരൻ തുടങ്ങിയവർ പുഷ്പചക്രങ്ങളർപ്പിച്ചു.
വിവിധയിടങ്ങളിൽ നിന്ന് ജാഥയായി എത്തിയ ഇരുകമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും പാർട്ടി ബന്ധുക്കളും ബഹുജനങ്ങളും ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് രക്തസാക്ഷി അനുസ്‌മരണ സമ്മേളനം ചേർന്നു. രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് ആറിന് സമരഭൂമിയിലെത്തി. തുടർന്ന് ദീപശിഖ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു. പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..