കൂത്തുപറമ്പ് പോരാട്ടത്തിലെ അഞ്ച് രക്തനക്ഷത്രങ്ങള്‍ക്കൊപ്പം പുഷ്പനും ഇനി ജ്വലിച്ചു നില്‍ക്കും. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് പുഷ്പന്‍ നാടിനോട് വിടപറഞ്ഞത്. നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി ഒരു മുദ്രാവാക്യമെങ്കിലും വിളിക്കാന്‍ പറ്റാതെയിരിക്കുന്നതിലും ഭേദം മരണമെന്നായിരുന്നു സഹനങ്ങളത്രയും താണ്ടിയിട്ടും ജീവിതാന്ത്യത്തിലും പുഷ്പന്റെ നിലപാട്.
കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവുമായാണ് പുഷ്പനെയെന്നും നാട് കണ്ടത്. നിരാശയുടെ ഒരു ലാഞ്ഛനപോലും പുഷ്പനില്‍ ആരും കണ്ടിട്ടുണ്ടാവില്ല. അത്രയും മനക്കരുത്തും രാഷ്ട്രീയ ബോധ്യവും പുഷ്പന് അന്നുതൊട്ടിന്നോളമുണ്ടായിരുന്നു.
1994 നവംബര്‍ 25നാണ് നാഡി തുളച്ചുകയറിയ വെടിയുണ്ടയേറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പുഷ്പന്‍ വീണുപോയത്. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രയായിരുന്നു പിന്നീട്. ലഭിക്കാവുന്ന എല്ലാ ചികിത്സയും പുഷ്പന് പ്രസ്ഥാനം ഉറപ്പുവരുത്തി. ഭരണകൂട ഭീകരതയുടെ അടയാളമായിരുന്നു പുഷ്പന്‍. 30 വര്‍ഷത്തോളം തളര്‍ന്നു കിടന്ന പുഷ്പന്‍ അക്ഷരാര്‍ഥത്തില്‍ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു. വെടിയേറ്റ് പൂര്‍ണമായി കിടപ്പിലായിട്ടും ഇത്രയും നാള്‍ ജീവിച്ചിരുന്ന മറ്റൊരാള്‍ കേരളത്തിലില്ല.
വെടിവയ്പ് മുന്‍കൂട്ടി നിശ്ചയിച്ചത്
സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടവും പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് കോഴ നിയമനവും യുഡിഎഫ് സര്‍ക്കാര്‍ യഥേഷ്ടം നടത്തുന്നതിനിടയിലാണ് മന്ത്രി എം വി രാഘവനെതിരെ കരിങ്കൊടികാട്ടി പ്രതിഷേധിക്കാന്‍ ഡിവൈഎഫ്ഐ തീരുമാനിച്ചത്. മന്ത്രിയുടെ മുന്നില്‍ പ്രതിഷേധമുയര്‍ത്തി കേരളമെമ്പാടും നടന്ന സമരമുഖങ്ങളിലൊന്നു മാത്രമായിരുന്നു കൂത്തുപറമ്പ്. എന്നാല്‍ സമരത്തെ ചോരയില്‍ മുക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചായിരുന്നു കൂത്തുപറമ്പിലെ പടയൊരുക്കം
പ്രതിഷേധമറിയിക്കാനായി തടിച്ചുകൂടിയവരില്‍ അഞ്ചുപേരെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കെ കെ രാജീവന്‍, മധു, ബാബു, റോഷന്‍, ഷിബു ലാല്‍ എന്നിവരാണ് നാടിനുവേണ്ടി സ്വജീവന്‍ വെടിഞ്ഞ് അനശ്വരരായത്. നട്ടെല്ലിന് വെടിയേറ്റ് പുഷ്പന്‍ സഹനത്തിന്റെ തീജ്വാലയായി.
വെടിവയ്പിന് കാരണമാകാവുന്ന ഒരു സാഹചര്യവും കൂത്തുപമ്പിലുണ്ടായിരുന്നില്ല. മുന്നറിയിപ്പുകള്‍ നല്‍കുകയോ മറ്റു നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്യാതെയാണ് കരിങ്കൊടി മാത്രം കൈയിലുണ്ടായിരുന്ന യുവാക്കള്‍ക്ക് നേരെ വെടിവച്ചത്. സംഭവ ദിവസവും തുടര്‍ന്നും മുഖ്യമന്ത്രി കെ കരുണാകരന്‍ നടത്തിയ പ്രതികരണങ്ങളും സ്വീകരിച്ച നടപടികളും വെടിവയ്പ് ആസൂത്രതമായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു.
മന്ത്രിയെ ആക്രമിച്ചുവെന്ന കള്ളക്കേസ് എടുക്കാനും കൂട്ടക്കൊലയ്ക്കെതിരെ കേസ് എടുക്കാതിരിക്കാനുമാണ് അന്നത്തെ കോണ്‍ഗ്രസ് മുന്നണി ഭരണം തയ്യാറായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..