22 December Sunday
ഇന്ന്‌ കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് വിലാപയാത്ര

ഉയിരാണ് ഉശിരാണ്: ഇന്ന്‌ കണ്ണൂരിലേക്ക് വിലാപയാത്ര

സ്വന്തം ലേഖകർUpdated: Saturday Sep 28, 2024


കോഴിക്കോട്‌/തലശേരി
സഹനത്തിന്റെ മഹാസാഗരം താണ്ടിയ കൂത്തുപറമ്പ്‌ സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി  ഇനി ജനഹൃദയങ്ങളിൽ. വെടിയുണ്ടയെ തോൽപ്പിച്ച മനക്കരുത്തോടെ മൂന്നുപതിറ്റാണ്ട്‌ ജീവിതത്തോട്‌ പൊരുതിയ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്‌പൻ (-54) വിട വാങ്ങി. കോഴിക്കോട്‌ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ശനി പകൽ മൂന്നരയോടെയായിരുന്നു അന്ത്യം. കൂത്തുപറമ്പിലെ ആ അഞ്ചു രക്തസാക്ഷികൾക്കൊപ്പം ഇനി പുഷ്‌പനും ജ്വലിക്കുന്ന ഓർമ. സംസ്‌കാരം ഞായർ വൈകിട്ട്‌ അഞ്ചിന്‌ ചൊക്ലി മേനപ്രത്തെ വീട്ടുപരിസരത്ത്.

1994 നവംബർ 25ന്‌ യുഡിഎഫ്‌ സർക്കാരിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ കൂത്തുപറമ്പിൽ മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിച്ച്‌ ഡിവൈഎഫ്‌ഐയുടെ ഐതിഹാസിക പോരാട്ടത്തിനുനേരെയുണ്ടായ പൊലീസ്‌ വെടിവയ്‌പ്പിൽ കെ കെ രാജീവൻ, കെ വി റോഷൻ, ഷിബുലാൽ, ബാബു, മധു എന്നിവർ രക്തസാക്ഷികളായി. വെടിയേറ്റ്‌ ഇരുപത്തിനാലുകാരനായ പുഷ്‌പന്റെ സുഷുമ്നാനാഡി തകർന്നു. ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള യാത്രയ്‌ക്കിടയിലും സമകാലിക രാഷ്‌ട്രീയ–- സാമൂഹ്യസംഭവ വികാസങ്ങളെ സസൂക്ഷ്‌മം നിരീക്ഷിച്ചിരുന്നു. കൂത്തുപറമ്പ്‌ സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങൾ അധിക്ഷേപിച്ച സന്ദർഭങ്ങളിലെല്ലാം പ്രതിരോധത്തിന്റെ കരുത്തുറ്റശബ്ദമായി പുഷ്‌പൻ. കമ്യൂണിസ്‌റ്റുകാരന്റെ ഇച്ഛാശക്തിയോടെ അന്ത്യംവരെ പൊരുതി.

സിപിഐ എം നോർത്ത്‌ മേനപ്രം ബ്രാഞ്ചംഗമാണ്‌. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന്‌ കൂടുതൽ കരുത്തോടെ തിരിച്ചുവന്നു. ഒടുവിൽ ആഗസ്‌ത്‌ രണ്ടിനാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ബാലസംഘത്തിലും എസ്‌എഫ്‌ഐയിലും പ്രവർത്തിച്ചിട്ടുണ്ട്‌. വീട്ടിലെ പ്രയാസം കാരണം പഠനംനിർത്തി ആണ്ടിപ്പീടികയിലെ പലചരക്ക്‌ കടയിൽ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളിൽ ജോലിചെയ്‌തു. ബംഗളൂരുവിൽനിന്ന്‌ അവധിക്ക്‌ നാട്ടിലെത്തിയപ്പോഴാണ്‌ കൂത്തുപറമ്പ്‌ സമരത്തിൽ പങ്കെടുത്തത്‌.

ഡിവൈഎഫ്‌ഐ നിർമിച്ചുനൽകിയ വീട്ടിലായിരുന്നു താമസം. കർഷകത്തൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്‌മിയുടെയും മകനാണ്‌. സഹോദരങ്ങൾ: ശശി, രാജൻ, അജിത (പുല്ലൂക്കര), ജാനു, പ്രകാശൻ (താലൂക്ക്‌ ഓഫീസ്‌ തലശേരി).

ഇന്ന്‌ കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് വിലാപയാത്രകോഴിക്കോട്‌
കൂത്തുപറമ്പ്‌ സമരപോരാളി പുഷ്‌പന്റെ സംസ്‌കാരം ഞായർ വൈകിട്ട്‌ അഞ്ചിന്‌ ചൊക്ലി മേനപ്രത്തെ വീട്ടുപരിസരത്ത് നടത്തും. ഞായറാഴ്‌ച വിലാപയാത്രയായി മൃതദേഹം ജന്മനാടായ ചൊക്ലിയിലേക്ക്‌ കൊണ്ടുപോകും. രാവിലെ എട്ടിന്‌ കോഴിക്കോട്‌ യൂത്ത്‌ സെന്ററിൽനിന്ന്‌  ആരംഭിക്കും. കോഴിക്കോട്, എലത്തൂർ, പൂക്കാട്, കൊയിലാണ്ടി, നന്തി, വടകര, നാദാപുരം റോഡ്, മാഹി,  മാഹിപാലം, പുന്നോൽവഴി 10ന്‌ തലശേരി  ടൗൺഹാളിലെത്തിക്കും. 11.30 വരെ  ടൗൺഹാളിൽ പൊതുദർശനം. ശേഷം കൂത്തുപറമ്പ്, പാനൂർ, പൂക്കോം, രജിസ്ട്രാപ്പീസ്. തുടർന്ന് ചൊക്ലി രാമവിലാസം സ്കൂളിൽ വൈകിട്ട്‌ നാലരവരെ  പൊതുദർശനം. ചൊക്ലി മേനപ്രത്തെ വീട്ടിലേക്ക്‌ കൊണ്ടുപോകുന്ന മൃതദേഹം അഞ്ചിന്‌ വീട്ടുപരിസരത്ത്  സംസ്‌കരിക്കും.   കോഴിക്കോട്  യൂത്ത്‌ സെന്ററിൽ  ശനി രാത്രി ഏഴുമുതൽ ആയിരങ്ങൾ അന്ത്യാഭിവാദ്യമർപ്പിച്ചു.
 

പുഷ്പന്റെ മൃതദേഹത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, കോഴിക്കോട് ജില്ലാ സെക്രട്ടറി പി സി ഷൈജു, പ്രസിഡന്റ് എൽ ജി ലിജീഷ്, സച്ചിൻദേവ് എംഎൽഎ തുടങ്ങിയവർ ചേർന്ന് ഡിവൈഎഫ്ഐ പതാക പുതപ്പിക്കുന്നു.

പുഷ്പന്റെ മൃതദേഹത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, കോഴിക്കോട് ജില്ലാ സെക്രട്ടറി പി സി ഷൈജു, പ്രസിഡന്റ് എൽ ജി ലിജീഷ്, സച്ചിൻദേവ് എംഎൽഎ തുടങ്ങിയവർ ചേർന്ന് ഡിവൈഎഫ്ഐ പതാക പുതപ്പിക്കുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top