23 September Monday

പോരാട്ടം പൊലീസിലെ പുഴുക്കുത്തുകൾക്ക്‌ എതിരെയെന്ന്‌ പി വി അൻവർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

നിലമ്പൂർ (മലപ്പുറം)> പൊലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ്‌ തന്റെ സമരമെന്ന്‌ പി വി അൻവർ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിനാകെ മാതൃകയാണ്‌ കേരള പൊലീസ്‌. താൻ ഉയർത്തിയ ആരോപണത്തിൽ ക്രിമിനലുകളായ പൊലീസുകാരുടെ  മനോവീര്യമാണ്‌ തകർന്നത്‌.  പൊതുപ്രവർത്തകനായ താൻ എസ്‌പി സുജിത്‌ദാസിന്റെ ഫോൺ ചോർത്തി മാധ്യമങ്ങൾക്ക്‌ നൽകിയത്‌ ശരിയല്ലെന്ന മുഖ്യമന്ത്രിയുടെ വിമർശം ശരിയാണ്‌. അത്‌ ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്ന്‌ അന്നുതന്നെ താൻ വ്യക്തമാക്കിയിട്ടുണ്ട്‌. പൊലീസിലെ ഉന്നതർ നടത്തിയ കൊള്ള സമൂഹശ്രദ്ധയിൽ കൊണ്ടുവരാനാണ്‌ അത്‌ ചെയ്‌തത്‌.

കരിപ്പൂരിൽ നടക്കുന്ന സ്വർണക്കടത്തിൽ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ പങ്കുണ്ട്‌. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ തെറ്റായ റിപ്പോർട്ടാണ്‌ മുഖ്യമന്ത്രിക്ക്‌ നൽകിയത്‌. സ്വർണക്കടത്തിന്‌ അറസ്റ്റിലായവരെ വിളിച്ച്‌ അന്വേഷിച്ചാൽ  ഇതിലെ കള്ളത്തരം മനസ്സിലാകും. വിമാനത്താവളത്തിന്‌ പുറത്തുനിന്ന്‌ സ്വർണം പിടികൂടിയാൽ പൊലീസ്‌ കസ്റ്റംസിനെ അറിയിക്കുന്നില്ല.  കസ്റ്റംസിന്റെ പാരിതോഷികം വേണ്ടെന്നുവച്ചാണ്‌ പൊലീസ്‌ തുടർ നടപടി സ്വീകരിക്കുന്നത്‌. കള്ളമുതൽ പിടികൂടിയതിനുള്ള വകുപ്പാണ്‌ ചുമത്തുന്നത്‌.  ഇത്‌ കോടതിയിൽ നിലനിൽക്കില്ല.  

സിപിഐ എമ്മിന്റെ സംഘടനാരീതിയിലല്ല വിഷയം താൻ ഉന്നയിച്ചതെന്ന മുഖ്യമന്ത്രിയുടെ വിമർശം ശരിയാണ്‌. കോടിയേരി ബാലകൃഷ്‌ണൻ  സെക്രട്ടറിയായ കാലംമുതൽ താൻ നിരവധി പരാതികൾ പാർടിക്ക്‌ നൽകിയിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും  പരാതി നൽകിയിട്ടുണ്ട്‌.  മുഖ്യമന്ത്രിയെയും പാർടിയെയും തള്ളിപ്പറയാനില്ല. എഡിജിപി അജിത്‌ കുമാർ തിരുവനന്തപുരം പട്ടത്ത്‌ 35 ലക്ഷത്തിന്‌ വാങ്ങിയ ഫ്ലാറ്റ്‌ പത്ത്‌ ദിവസത്തിനുള്ളിൽ 60 ലക്ഷത്തിന്‌ മറിച്ചുവിറ്റതായും അൻവർ ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top