07 October Monday

അവകാശവാദം പൊളിഞ്ഞു; ആളില്ലാതെ നയപ്രഖ്യാപനം

സ്വന്തം ലേഖകൻUpdated: Sunday Oct 6, 2024

മലപ്പുറം
മഞ്ചേരിയിൽ നടക്കുന്ന രാഷ്ട്രീയ നയപ്രഖ്യാന യോഗത്തിൽ ഒരുലക്ഷം പേർ പങ്കെടുക്കുമെന്ന പി വി അൻവർ എംഎൽഎയുടെ അവകാശവാദം പൊളിഞ്ഞു. രണ്ടായിരത്തോളം പേർ മാത്രമാണ് പരിപാടിക്കെത്തിയത്. ഡെമോക്രാറ്റിക് മൂവ്മെന്റ്‌ ഓഫ് കേരള (ഡിഎംകെ) എന്ന സംഘടന രൂപീകരിച്ചാണ് അൻവർ നയപ്രഖ്യാപനത്തിനിറങ്ങിയത്.  ജസീല ജങ്ഷനിൽ ഒരുക്കിയ പന്തലിനകത്തും പുറത്തുമായി ഇട്ടിരുന്ന കസേരകളിൽ ഭൂരിഭാഗവും ഒഴിഞ്ഞുകിടന്നു.

വൈകിട്ട് അഞ്ചിന് പരിപാടി ആരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും 6.30 കഴിഞ്ഞാണ് അൻവർ വേദിയിലെത്തിയത്. ആളുകളെത്താനായി കാത്തിരുന്ന് ഒതായിയിലെ വീട്ടിൽനിന്ന് വൈകി ഇറങ്ങുകയായിരുന്നു. തമിഴ്നാട്ടിൽനിന്ന് ഡിഎംകെ പ്രവർത്തകർ എത്തിയെന്ന് അൻവർ പ്രസംഗത്തിനിടെ അവകാശപ്പെട്ടു. ഡിഎംകെയുടെ കൊടിയും ഷാളുമായി വന്നവരോട് മാധ്യമപ്രവർത്തകർ വിവരം തേടിയപ്പോൾ വഴിക്കടവിൽനിന്ന് വന്നവരാണെന്നാണ് അറിയിച്ചത്.  പരിപാടിയിലേക്ക്‌ ആളുകളെത്തുന്നത് തടയാൻ പലയിടത്തും പൊലീസ് വാഹനങ്ങൾ തടഞ്ഞുവച്ചതായി പി വി അൻവർ ആരോപിച്ചു.  

യോഗത്തിൽ സിപിഐ എം പ്രവർത്തകരെ തിരഞ്ഞ മാധ്യമപ്രവർത്തകർക്ക്  നിരാശയായിരുന്നു ഫലം. പരിപാടിക്കെത്തിയവരിൽ ഭൂരിഭാഗവും ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ പ്രവർത്തകരായിരുന്നു. ലീഗും കോൺഗ്രസും ആളുകളെ എത്തിച്ചു. മുസ്ലിംലീഗ് എറണാകുളം ജില്ലാ മുൻ പ്രസിഡന്റ്‌ ഹംസ പാറക്കാട് വേദിയിലുണ്ടായിരുന്നു. ഡിഎംകെ പിന്തുണ ഉറപ്പാക്കി  ഗുഡല്ലൂർ, നീലഗിരി ഭാഗങ്ങളിൽനിന്ന്‌ ആളുകളെ എത്തിക്കാനുള്ള ശ്രമവും പാളി.

മലപ്പുറം ജില്ല വിഭജിക്കണമെന്ന്; എസ്ഡിപിഐ വാദം ഏറ്റുപിടിച്ച് പി വി അൻവർ

മലപ്പുറം
എസ്ഡിപിഐയുടെ കാലങ്ങളായുള്ള  ആവശ്യം ഏറ്റുപിടിച്ച് പി വി അൻവർ എംഎൽഎ പുതുതായി രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ). മലപ്പുറം ജില്ല വിഭജിക്കണമെന്നാണ് സംഘടനയുടെ നയമായി ആവശ്യപ്പെട്ടത്. ജനസംഖ്യ കൂടുതലുള്ള മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിച്ച് പതിനഞ്ചാമതൊരു ജില്ല രൂപീകരിക്കണമെന്നാണ് നയപ്രഖ്യാപനത്തിൽ പറഞ്ഞത്. മലപ്പുറം ജില്ല വിഭജിക്കണമെന്നത്‌   കാലങ്ങളായുള്ള എസ്‌ഡിപിഐയുടെ ആവശ്യമാണ്.

പാർടിയല്ല, സാമൂഹ്യമുന്നേറ്റം മാത്രം: അൻവർ


മലപ്പുറം
ഡെമോക്രാറ്റിക് മൂവ്മെന്റ്‌ ഓഫ് കേരള (ഡിഎംകെ) രാഷ്ട്രീയ പാർടി അല്ലെന്നും സാമൂഹിക മുന്നേറ്റ സംവിധാനംമാത്രമാണെന്നും പി വി അൻവർ എംഎൽഎ. നിഷ്കളങ്കമായ മനുഷ്യരെ മുൻനിർത്തിയുള്ള മുന്നേറ്റമാണ് ഉദ്ദേശിക്കുന്നത്. തമിഴ്നാട്ടിൽപോയി ഡിഎംകെ നേതാക്കളെ കണ്ടത് പാർടിയിൽ ചേരാനല്ല. ആശീർവാദം തേടിപ്പോയതാണെന്നും അൻവർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top