22 December Sunday

മുഖ്യമന്ത്രിക്കു നേരെ പി വി അൻവർ നടത്തുന്ന കടന്നാക്രമണം നേത‍ൃത്വത്തെ തകർക്കാനുള്ള ശ്രമം: ടി പി രാമകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

കോഴിക്കോട് >  പി വി അൻവർ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കടന്നാക്രമണം നടത്തുന്നത് നേത‍ൃത്വത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാ​ഗമായി നിൽക്കുന്ന ഒരു എംഎൽഎ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

അൻവർ ചില ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ആ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്. ആ പരാതിയെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് സിപിഐ എംമിനും നൽകിയിട്ടുണ്ട്. പാർടിയിലുള്ളവർ മാത്രമല്ല പാർടിക്ക് പുറത്തുള്ളവരും പാർടിക്ക് പരാതി അയക്കാറുണ്ട്. അത്തരം പരാതികളോടെല്ലാം നീതിപൂർവമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

ഏതോ കേന്ദ്രങ്ങളിൽ നടത്തിയിട്ടുള്ള ആലോചനകളുടെ ഭാ​ഗമായാണ് അൻവർ ഇത്തരത്തിൽ കടന്നാക്രമണം നടത്തിയിട്ടുള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സർക്കാരിനും എതിരായി വ്യാപകമായ പ്രചാരണം നേരത്തെ തന്നെ പാർടി ശത്രുക്കളും യുഡിഎഫും ബിജെപിയും എല്ലാം ചേർന്ന് നടത്തിയിട്ടുണ്ട്. അത്തരം പ്രചരണങ്ങൾക്ക് മാധ്യമങ്ങളും പിന്തുണ നൽകിയിട്ടുണ്ട്.

ജനങ്ങളുടെ ആവശ്യങ്ങൾ പരി​ഗണിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന നിലപാടാണ് ഈ സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അത്തരം നിലപാടുകളെടുത്ത് മുന്നോട്ട് പോകുമ്പോൾ മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച് തകർക്കാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയും. അൻവർ ഒരു ആരോപണം ഉന്നയിച്ചാൽ അത് മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ ബാധിക്കും എന്ന് പറയുന്നത് ശരിയല്ല. പാർടിക്ക് വേണ്ടി പറയാൻ എന്ത് പ്രാതിനിധ്യമാണ് അൻവറിനുള്ളത്. പാർടിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ആരും അംഗീകരിക്കില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top