22 December Sunday
നിബന്ധനകൾ കർശനമായി പാലിച്ചതോടെയാണ്‌ 
ക്വാറികളിൽ ഭൂരിഭാഗവും പ്രവർത്തനം അവസാനിപ്പിച്ചത്‌

13 വർഷം ; പൂട്ടിയത്‌ 2543 ക്വാറി , നിലവിൽ പ്രവർത്തിക്കുന്നത്‌ 561 ക്വാറി

മിൽജിത്‌ രവീന്ദ്രൻUpdated: Monday Aug 12, 2024




തിരുവനന്തപുരം
പതിമൂന്ന്‌ വർഷത്തിനിടെ സംസ്ഥാനത്ത്‌ പ്രവർത്തനം അവസാനിപ്പിച്ചത്‌ 2543 ക്വാറികൾ. 2011ൽ 3104 ക്വാറികളാണ്‌ പ്രവർത്തിച്ചിരുന്നതെങ്കിൽ ഇപ്പോഴുള്ളത്‌ 561 മാത്രം. നിബന്ധനകളും മാർഗനിർദേശങ്ങളും കർശനമായി പാലിച്ചതോടെയാണ്‌ ക്വാറികളിൽ ഭൂരിഭാഗവും പ്രവർത്തനം അവസാനിപ്പിച്ചത്‌. സംസ്ഥാനത്ത്‌ ക്വാറികളുടെ എണ്ണം കൂടുന്നതാണ്‌ പ്രകൃതി ദുരന്തങ്ങൾക്ക്‌ കാരണമെന്ന വ്യാഖ്യാനങ്ങളുടെ പൊള്ളത്തരമാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌.

നിലവിലുള്ള 561 ക്വാറികളിൽ 417 എണ്ണം 15 വർഷംവരെ കാലാവധിയുള്ള ക്വാറിയിങ്‌ ലീസുള്ളവയും 144 എണ്ണം മൂന്നു വർഷംവരെ കാലാവധിയുള്ള ക്വാറിയിങ്‌ പെർമിറ്റുള്ളവയുമാണ്‌. മൈൻസ് ആൻഡ്‌ മിനറൽസ് (ഡെവലപ്മെന്റ് ആൻഡ്‌ റഗുലേഷൻ) ആക്ട് 1956, കേരള മൈനർ മിനറൽ കൺസഷൻ ചട്ടം- 2015 എന്നിവ പ്രകാരമാണ്‌ 2016 മുതൽ സംസ്ഥാനത്ത്‌ ഖനനാനുമതി നൽകുന്നത്‌. മാത്രമല്ല, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരമുള്ള മാർഗനിർദേശങ്ങൾ, സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും വിധികളിലെ മാർഗനിർദേശങ്ങൾ എന്നിവയും അനുസരിച്ചാണ്‌ അനുമതി നൽകുന്നത്‌. 

ഖനനാനുമതിക്കുള്ള അപേക്ഷയിൽ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി തയ്യാറാക്കുന്ന അനുമതി, പാരിസ്ഥിതികാനുമതി, തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന ലൈസൻസ്‌, സ്ഥലത്ത്‌ ഉപയോഗിക്കുന്നതിനുള്ള എക്‌സ്‌പ്ലോസീവ്‌ ലൈസൻസ്‌, മലിനീകരണ നിയന്ത്രണ ബോർഡ്‌ നൽകുന്ന ലൈസൻസ്‌ എന്നിവയും ലഭിച്ചശേഷമാണ്‌ ജിയോളജി വകുപ്പ് ഖനനാനുമതി നൽകുന്നത്. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഉരുൾപൊട്ടൽ സാധ്യത മേഖലകൾ സംബന്ധിച്ച മാപ്പിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഒരുവിധ ഖനനാനുമതിയും നൽകാറില്ല. മാത്രമല്ല, മുമ്പ്‌ ഇത്തരം സ്ഥലങ്ങളിൽ പ്രവർത്തിച്ചുവന്നവ നിർത്തിവയ്‌ക്കുകയും ചെയ്‌തു. 45 ഡിഗ്രി ചരിവിൽ കൂടിയ പ്രദേശങ്ങളിലും അനുമതി നൽകാറില്ല. അപേക്ഷാസ്ഥലത്തോ സമീപത്തോ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കും. ഉദ്യോഗസ്ഥാരിൽനിന്ന്‌ വഴിവിട്ട സമീപനം ഉണ്ടാകില്ലെന്ന്‌ ഉറപ്പുവരുത്താൻ എല്ലാ അനുമതികളും ഈ സർക്കാർ വന്നശേഷം ഓൺലൈനുമാക്കിയിട്ടുണ്ട്‌.
ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം വനമേഖലയിലും സമീപ പ്രദേശങ്ങളിലും ഒരു ക്വാറിക്കും സംസ്ഥാന സർക്കാർ ഖനനാനുമതി നൽകിയിട്ടില്ല. ഈ സ്ഥലത്തിന്‌ പത്തിലേറെ കിലോ മീറ്ററിർ അകലെയാണ്‌ ഖനനാനുമതിയുള്ള ക്വാറിയുള്ളത്‌.

ഓരോ ജില്ലയിലും 
പ്രവർത്തിക്കുന്ന ക്വാറികൾ
തിരുവനന്തപുരം–-36, കൊല്ലം–-26, പത്തനംതിട്ട–-25, ആലപ്പുഴ–-ഒന്ന്‌, കോട്ടയം–-27, ഇടുക്കി–-15, എറണാകുളം–-50, തൃശൂർ–-23, പാലക്കാട്‌–-74, മലപ്പുറം–-129, കോഴിക്കോട്‌–-67, കണ്ണൂർ–-61, വയനാട്‌–-11, കാസർകോട്‌–-16.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top