24 December Tuesday

അപകട മരണമല്ല; ക്വട്ടേഷൻ കൊലപാതകം ; ബാങ്ക് മാനേജരടക്കം 5 പേർ അറസ്റ്റിൽ

സ്വന്തം ലേഖികUpdated: Friday Aug 9, 2024



കൊല്ലം
സൈക്കിൾ യാത്രക്കിടെ ബിഎസ്എൻഎൽ റിട്ട. അസിസ്റ്റന്റ്‌ ജനറൽ മാനേജർ കാറിടിച്ചു മരിച്ചതിനുപിന്നിൽ ക്വട്ടേഷൻ സംഘം. കാറിടിപ്പിച്ചുകൊല്ലാൻ പണം നൽകിയ സ്ത്രീയും ഗുണ്ടാനേതാവും ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. ആശ്രാമം കൈരളി നഗർ കുളിർമയിൽ പാപ്പച്ചൻ (82)ആണ്‌ മെയ്‌ 23ന്‌ കൊല്ലപ്പെട്ടത്‌. കൊല്ലം മിനി മുത്തൂറ്റ് നിധി ലിമിറ്റഡിന്റെ ഓലയിൽ ബ്രാഞ്ച് മാനേജർ തിരുവനന്തപുരം സ്വദേശി സരിത (45), ഗുണ്ടാനേതാവ്  അനിമോൻ (44),  കൂട്ടാളി ഓട്ടോറിക്ഷാ ഡ്രൈവർ  മാഹിൻ (47), മിനി മുത്തൂറ്റ്‌ നിധി എക്‌സിക്യൂട്ടീവ്  കെ പി അനൂപ് (37),  ഫർണിച്ചർ വ്യാപാരി  ഹാഷിഫ് (27)എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു.

മുത്തൂറ്റ്‌, സൗത്ത് ഇന്ത്യൻ, പഞ്ചാബ് നാഷണൽ ബാങ്കുകളിലെ അക്കൗണ്ടുകളിലെ 53 ലക്ഷംരൂപ സരിതയും അനൂപുംചേർന്ന്‌ തട്ടിയെടുത്തത്‌ പാപ്പച്ചൻ ചോദ്യംചെയ്തതാണ്‌ കൊലപാതകത്തിന് കാരണം. പാപ്പച്ചൻ വീട്ടുകാരിൽനിന്ന്‌ അകന്ന്‌ കൊല്ലത്ത് തനിച്ചു താമസിക്കുകയായിരുന്നു. അനിമോന്‌ സരിത രണ്ടരലക്ഷം രൂപയ്ക്കാണ്‌ ക്വട്ടേഷൻ നൽകിയത്‌.  കൊലപ്പെടുത്താൻ മൂന്നുവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സരിതയുമായി വീണ്ടും ചർച്ചനടത്തിയ ശേഷം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിനുസമീപത്തേക്ക്‌ മെയ് 23ന് പകൽ 12.30ന്‌ പാപ്പച്ചനെ ചായകുടിക്കാൻ അനൂപ് വിളിച്ചുവരുത്തി.  ഹാഷിഫിൽനിന്ന് വാടകയ്ക്ക് എടുത്ത കാർ അമിതവേഗത്തിൽ ഓടിച്ച്‌  പാപ്പച്ചനെ ഇടിച്ചിട്ടശേഷം അനിമോൻ  രക്ഷപ്പെട്ടു. രണ്ടാംപ്രതി മാഹിനാണ്‌ പാപ്പച്ചനെ ആശുപത്രിയിലാക്കാൻ മുൻകൈയെടുത്തത്‌.

പാപ്പച്ചന്റെ മക്കൾ റെയ്‌ച്ചലും ജേക്കബും ജൂൺ ഒന്നിന്‌ കൊല്ലം ഈസ്റ്റ്‌ സ്റ്റേഷനിൽ നൽകിയ പരാതിയിലുള്ള അന്വേഷണമാണ്‌ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സിസിടിവി ദൃശ്യത്തിൽനിന്ന് തിരിച്ചറിഞ്ഞ കാർ കസ്റ്റഡിയിലെടുത്ത പൊലീസ് അനിമോനെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് ജാമ്യത്തിൽ വിട്ടു. ബാങ്കിലെ കണക്കുകളിൽ പൊരുത്തക്കേട്‌ കണ്ടതിനെതുടർന്ന്‌ പൊലീസ്‌ അനിമോനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top