കൊച്ചി > ഇന്ത്യൻ തീരത്ത് വറ്റ കുടുംബത്തിൽപ്പെട്ട പുതിയ ഇനം മീനിനെ കണ്ടെത്തി. മത്സ്യത്തൊഴിലാളികൾക്കിടയിൽ പോളവറ്റ എന്ന് വിളിപ്പേരുള്ള ‘ക്വീൻഫിഷ്’ വിഭാഗത്തിൽപ്പെടുന്ന മീനിനെയാണ് സിഎംഎഫ്ആർഐയുടെ ശാസ്‌ത്രീയ പഠനങ്ങളിലൂടെ കണ്ടെത്തിയത്. ‘സ്‌കോംബറോയിഡ്‌സ് പെലാജിക്കസ്’ എന്നാണ് ശാസ്‌ത്രജ്ഞർ പേരിട്ടിരിക്കുന്നത്.
ഇന്ത്യൻ തീരങ്ങളിൽ ആറുപതോളം വറ്റയിനങ്ങളുണ്ട്. അവയിൽ നാല് ക്വീൻഫിഷുകളാണ് നിലവിലുണ്ടായിരുന്നത്. അഞ്ചാമത് ക്വീൻഫിഷാണ് പുതുതായി കണ്ടെത്തിയ പോളവറ്റ. നേരത്തേ ഈ വിഭാഗത്തിൽപ്പെട്ട മൂന്നു മീനുകൾക്ക് വംശനാശം സംഭവിച്ചിരുന്നു. സമുദ്രജൈവ വൈവിധ്യത്തിന് ശക്തിപകരുന്നതാണ് പോളവറ്റയുടെ കണ്ടെത്തലെന്ന് സിഎംഎഫ്ആർഐയിലെ ഡോ. ഇ എം അബ്ദു സമദ് പറഞ്ഞു.
സമുദ്രസമ്പത്തിന്റെ പരിപാലനരീതികളിൽ കൃത്യത വരുത്താനും സിഎംഎഫ്ആർഐയുടെ പുതിയ നേട്ടം സഹായകരമാകും. വിപണിയിൽ കിലോയ്‌ക്ക് 250 രുപവരെ പോളവറ്റയ്‌ക്ക് വിലയുണ്ട്. ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലാണ് ഇവയെ കൂടുതലായി കാണുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..