22 December Sunday

വയനാട്‌ പുനരധിവാസത്തിന്‌ 
രാഹുലിന്റെ ശമ്പളം ; പണം നൽകാത്തവർക്ക്‌ മുന്നറിയിപ്പ്‌

സ്വന്തം ലേഖകൻUpdated: Thursday Sep 5, 2024


തിരുവനന്തപുരം
കെപിസിസിയുടെ വയനാട്‌ പുനരധിവാസം എങ്ങുമെത്താത്ത സാഹചര്യത്തിൽ  രാഹുൽഗാന്ധി ഒരുമാസത്തെ ശമ്പളം 2,30,000 രൂപ കൈമാറി. ഇനിയും തുക നൽകാത്ത കോൺഗ്രസ്‌ ജനപ്രതിനിധികൾക്കടക്കം മുന്നറിയിപ്പ് നൽകുന്നതാണ്‌ ഈ തുക കൈമാറ്റം.എംപിമാരും എംഎൽഎമാരും അടക്കം പലരും നിശ്ചയിച്ച പണം നൽകാത്ത സാഹചര്യത്തിൽ മൊബൈൽ ആപ്‌ വഴി  കെപിസിസി ഓൺലൈനിൽ ചൊവ്വ രാത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ധനശേഖരണം 15 ദിവസം കഴിഞ്ഞിട്ടും 85 ലക്ഷമേ ലഭിച്ചിട്ടുള്ളൂ.

കോൺഗ്രസിന്റെ നേതൃത്വത്തിൽ 100 വീടുകൾ നിർമിച്ച് നൽകുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അതേറ്റെടുത്താണ്‌ ഫണ്ട് ശേഖരണം തുടങ്ങിയത്‌. എംപിമാരും എംഎൽഎമാരും കൈമാറേണ്ട തുക നിശ്ചയിച്ച് അറിയിച്ചിരുന്നു. ചിലർ സഹകരിക്കാത്ത സാഹചര്യത്തിലാണ്‌ കെ സുധാകരൻ അടിയന്തര യോഗം വിളിച്ചത്‌. അതിനുശേഷവും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ്‌ നേതാക്കൾ പറയുന്നത്‌.

നേരിട്ട്‌ ആരും പിരിക്കേണ്ടെന്ന്‌ തീരുമാനിച്ച പ്രതിപക്ഷ നേതാവ്‌ ആപ്‌ വഴി ലഭിക്കുന്ന പണം കെപിസിസി അധ്യക്ഷന്റേയും തന്റേയും സംയുക്ത അക്കൗണ്ടിലേക്ക്‌ മാറ്റാനും സംവിധാനമുണ്ടാക്കി. മുൻപ്‌ നടത്തിയ പല ധനസമാഹരണങ്ങളും പലരുടേയും പോക്കറ്റിലേക്കാണ്‌ പോയതെന്ന ശക്തമായ വിമർശം കെപിസിസി യിൽ ഉയർന്നതോടെയാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top